സ്വന്തം ലേഖകൻ: വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലഗേജ് കൊണ്ടുപോകല്‍. അനുവദിച്ചതിനേക്കാള്‍ തൂക്കമുണ്ടോയെന്ന കാര്യത്തിലും അനുവദനീയമല്ലാത്ത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാവും. ലഗേജ് പരിശോധന പൂര്‍ത്തിയായി ബോര്‍ഡിങ് പാസ് ലഭിക്കുമ്പോള്‍ തന്നെ യാത്രയുടെ പകുതി സമ്മര്‍ദ്ദം കുറയും.
വിമാനത്താവളത്തില്‍ തൂക്കക്കൂടുതലിന്റെ പേരില്‍ പെട്ടി പൊട്ടിക്കേണ്ടിവരികയോ സാധനങ്ങള്‍ ഒഴിവാക്കേണ്ടി വരികയോ ചെയ്യാത്ത പ്രവാസികള്‍ കുറവായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം.
യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് വിമാന യാത്രികര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കുന്നത്. ‘ഹല ബഹ്‌റൈന്‍’ (വെല്‍കം ബഹ്‌റൈന്‍) ആണ് പുതിയ സേവന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഹല ബഹ്‌റൈനില്‍ നിന്നുള്ള ഒരു ഏജന്റ് നിങ്ങളുടെ താമസസ്ഥലത്ത് എത്തി പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് നല്‍കും. സ്വന്തം വീട്ടില്‍ നിന്ന് ലഗേജുകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും ആസ്വദിക്കാം. കൂടുതലുള്ള സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഒഴിവാക്കേണ്ടിവരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു. ബാഗുകള്‍ തൂക്കി ടാഗ് ചെയ്യുക, യാത്രക്കാരനെ ചെക്ക്ഇന്‍ ചെയ്യുക, ബോര്‍ഡിങ് പാസുകള്‍ നല്‍കുക തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്.
ഇതിനെല്ലാം പുറമേ ബാഗേജുകള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഫ്‌ലൈറ്റില്‍ കയറ്റിയെന്ന് ഹല ബഹ്‌റൈന്‍ ഉറപ്പാക്കുകയും ചെയ്യും. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ചെക്ക്ഇന്‍ ഡെസ്‌കുകള്‍ ഒഴിവാക്കി നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകുകയും ചെയ്യാം. യാത്രക്ക് മുമ്പുള്ള സമയം ലാഭിക്കാമെന്നതിനു പുറമേ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ യാത്ര ആരംഭിക്കാനും ഇതിലൂടെ സാധിക്കുന്നു.
വിമാനത്താവളത്തില്‍ നേരത്തെ എത്തി കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനും ടെര്‍മിനലിലെ തിരക്ക് കുറയ്ക്കാനും ഈ സേവനത്തിലൂടെ സാധിക്കും. മറ്റൊന്നിനെ കുറിച്ചും ആലോചിക്കാതെ യാത്രയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആസ്വദിക്കാനും കഴിയും.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന്റെ 12 മണിക്കൂര്‍ മുമ്പ് വരെ ഈ സേവനത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. യാത്രയുടെ 30 ദിവസം മുമ്പ് മുതല്‍ ബുക്കിങ് സ്വീകരിക്കും. homecheckin@halabahrain.bh എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചാണ് സേവനം ബുക്ക് ചെയ്യേണ്ടത്. സൗകര്യപ്രദമായ സമയത്ത് ഹല ബഹ്‌റൈനിലെ ഏജന്റ് നിങ്ങളുടെ വാതിലിനു മുന്നിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.bahrainairport.bh/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല