സ്വന്തം ലേഖകൻ: ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതും
കൊപ്ര
മലയാളികൾ കൊപ്ര എന്ന് വിളിക്കുന്ന ഉണങ്ങിയ തേങ്ങ. ഇന്ത്യൻ സിവിൽ ഏവിയേഷന്‍റെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാർച്ചിൽ ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു. ഉണങ്ങിയ തേങ്ങ (കൊപ്ര) കൊണ്ടുപോകുന്നതിന് ചെക്ക്-ഇൻ ചെയ്ത ലഗേജിൽ അനുവദനീയമല്ല.
ഇ–സിഗററ്റ്
ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളിൽ ഇ-സിഗരററ്റുകളും അനുവദനീയമല്ല.
സുഗന്ധവ്യഞ്ജനങ്ങൾ
ലഗേജിൽ മുഴുവനായോ പൊടിയായോ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാൻ കഴിയില്ല. എങ്കിലും ബിസിഎഎസ് മാർഗനിർദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇൻ ലഗേജിൽ അവ അനുവദിച്ചിരിക്കുന്നു.
നെയ്യ്
നെയ്യ്, വെണ്ണ എന്നിവ ലിക്വിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് വരുന്നത്. അതുകൊണ്ട് ഇവ ക്യാരി–ഓൺ ലഗേജിൽ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ , എയറോസോൾസ്, ജെൽസ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തുന്നുമുണ്ട്. എങ്കിലും ചെക്ക്-ഇൻ ലഗേജിന്‍റെ കാര്യത്തിൽ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കുന്നു.
പക്ഷേ, ചില വിമാനത്താവളങ്ങൾ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കാത്തതിനാൽ വിമാനത്താവളവും എയർലൈനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിശോധിക്കേണ്ടത് പ്രധാനമാണ്. എയർപോർട്ടിൽ ഒരു വസ്തു അനുവദനീയമാണോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാർഗം അവരുടെ വെബ്‌സൈറ്റിൽ നിരോധിത ഇനങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയോ എയർപോർട്ടിലേയ്ക്ക് നേരിട്ട് വിളിക്കുകയോ ചെയ്യുക എന്നതാണ്.
അച്ചാര്‍
കയ്യിൽ കൊണ്ടുപോകുന്നതും ചെക്ക്-ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ മുളക് അച്ചാർ ഒഴികെയുള്ള അച്ചാറുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നു. മുളക് അച്ചാർ ഹാൻഡ് ക്യാരിയിൽ അനുവദനീയമല്ല. എങ്കിലും ഇതുസംബന്ധമായ കൂടുതൽ വ്യക്തത എയർപോർട്ടിൽ നിന്നോ എയർലൈനുകളിൽ നിന്നോ നേടാം.
എല്ലാ രാജ്യാന്തര യാത്രകളിലെയും പോലെ ഇറങ്ങുന്ന നഗരത്തിന്‍റെയോ രാജ്യത്തിന്‍റെയോ കസ്റ്റംസ് മാർഗനിർദ്ദേശങ്ങൾ യാത്രക്കാർ പരിശോധിക്കേണ്ടതുണ്ട്. യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റിക്ക് നിരോധിത വസ്തുക്കളുടെ ഒരു പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല