1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2016

സജീവ് സെബാസ്റ്റിയന്‍: ഗ്ലാസ്‌ഗോയില്‍നിന്നും ആറു മണിക്കൂര്‍ ദൂരം പിന്നിട്ടു നനീറ്റനില്‍ എത്തിയ ഗ്ലാസ്‌ഗോ ടീം തങ്ങളുടെ യാത്ര വെറുതെയാക്കിയില്ല. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജോബി ഐത്തിലില്‍, ബിജു കല്ലടയില്‍ ടീമിനെ ഫൈനലില്‍ തോല്‍പിച്ച് ലേലത്തില്‍ ഗ്ലാസ്‌ഗോ ടീം ജേതാക്കളായി. ടീം അംഗങ്ങളായ ടോം മാത്യുവിനും റെജി തോമസിനും ഫൈനലിലെ തങ്ങളുടെ വിജയത്തിനു ലഭിച്ചത് അലെയ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്ത 251 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീറ്റന്‍ സ്‌പോണ്‍സര്‍ ചെയ്ത പൂവന്‍ താറാവുമാണ്. പാഷന്‍ ഹെല്‍ത്ത് കെയര്‍ ലെസിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത 151 പൗണ്ടും ട്രോഫിയും ലേലത്തില്‍ രണ്ടാമതെത്തിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജോബി ഐത്തില്‍ ബിജു കല്ലടയില്‍ ടീമിനു ലഭിച്ചു.

തുടക്കം മുതല്‍ ഒടുക്കംവരെ ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍ മാറിമറിഞ്ഞ റമ്മികളിയുടെ ഫൈനലില്‍ ബര്‍മിങ്ങാമില്‍നിന്നും എത്തിയ റെജി തോമസ് ചാമ്പ്യനായി. ഫിലിപ്‌സ് ക്ലെയിം ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത 251 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീറ്റന്‍ സ്‌പോണ്‍സര്‍ ചെയ്ത പൂവന്‍ താറാവമാണ് റെജിക്ക് ലഭിച്ചത്. രാവിലെ 10 മണി മുതല്‍ യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും 60 ടീമുകളാണ് മത്സരത്തിനായി എത്തിച്ചേര്‍ന്നത്.

രാവിലെ 10 മണിക്കു നടന്ന പ്രൗഢഗംഭീരമായ രണ്ടാമത് ഓള്‍ യുകെ ചീട്ടുകളി മത്സരത്തിന്റെ ഉദ്ഘാടനം കേരളാ ക്ലബ് നനീറ്റന്‍ പ്രസിഡന്റ് സെന്‍സ് കൈതവേലില്‍ നിര്‍വഹിച്ചു. തദവസരത്തില്‍ യുകെയുടെ നാനാഭാഗത്തുനിന്നും എത്തിയ കളിക്കാര്‍ക്കും കാണികള്‍ക്കും കേരളാ ക്ലബ് ട്രഷറര്‍ ബിന്‍സ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. പിന്നീട് കേരളാ ക്ലബ് നനീറ്റന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സജീവ് സെബാസ്റ്റിയന്‍ മത്സരങ്ങളുടെ നിയമാവലിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയുണ്ടായി. ഇത് മത്സരം ഒരു തര്‍ക്കവുംകൂടാതെ അസാനിപ്പിക്കുവാന്‍ സഹായകമായി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും ക്ലബ് പ്രസിഡന്റ് സെന്‍സ് കൈതവേലില്‍ അധ്യക്ഷതവഹിച്ചു. സമാപന സമ്മേളനത്തില്‍ കേരളാ ക്ലബ് നനീറ്റന്‍ സെക്രട്ടറി ജോ ചാമക്കാല രണ്ടാമത് ചീട്ടുകളി മത്സരം വന്‍പിച്ച വിജയമാക്കിയതിനു ഏവര്‍ക്കും നന്ദി പറഞ്ഞു. ആകര്‍ഷകമായ റാഫിള്‍ സമ്മാനങ്ങള്‍ക്കൊപ്പം മെഗാ സമ്മാനമായ ഓര്‍ത്തോ ജോര്‍ജ് സ്‌പോണ്‍സര്‍ ചെയ്ത സൈക്കിള്‍ സമ്മാനമായി ലഭിച്ചത് ഓക്‌സ്‌ഫോര്‍ഡില്‍നിന്നും എത്തിച്ചേര്‍ന്ന ജിമ്മി വര്‍ക്കിക്കാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങളും റാഫിള്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ക്ലബ് ഭാരവാഹികളായ സെന്‍സ് ജോസ് കൈതവേലില്‍, ബിന്‍സ് ജോര്‍ജ്, സജീവ് സെബാസ്റ്റിയന്‍, ജോ ചാമക്കാല, ജോബി ഐത്തില്‍, പാഷന്‍ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍മാരായ ഷിജോ, അജയ്, സിബു കെറ്ററിങ്, ബാബു തോട്ടം എന്നിവര്‍ നിര്‍വഹിച്ചു.

വന്നവരെല്ലാം മൂന്നാമത് ചീട്ടുകളി മത്സരത്തിനു കാണാം എന്നു പറഞ്ഞ് യാത്രപറയുമ്പോള്‍ യുകെയിലെ ആദ്യത്തെ വിജയകരമായ ഓള്‍ യുകെ നാടക മത്സരങ്ങളുടെ വിജയത്തിനുശേഷം രണ്ടു ചീട്ടുകളി ടൂര്‍ണമെന്റുകള്‍ വിജയിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു കേരളാ ക്ലബ് നനീറ്റന്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.