
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഇന്ത്യൻ രുചിയുടെ പര്യായമായ അക്ബർ റസ്റ്ററന്റിന്റെ സ്ഥാപകൻ, ഷബീർ ഹുസൈൻ അന്തരിച്ചു. 56-ാം വയസ്സിൽ കാൻസർ രോഗത്തെ തുടർന്നാണ് അന്ത്യം. 1995-ൽ ബ്രാഡ്ഫോർഡ് സിറ്റി സെന്ററിൽ ഒരു ചെറിയ റസ്റ്ററന്റായി തുടങ്ങിയ അക്ബർ, ഷബീർ ഹുസൈന്റെ കൈപ്പുണ്യത്തിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കി.
ഒരു ചെറിയ സ്വപ്നത്തിൽ നിന്ന് ആരംഭിച്ച് വലിയ സാമ്രാജ്യമായി മാറിയ അക്ബർ റസ്റ്ററന്റ്, ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇന്ത്യക്കാർക്കും വീട്ടിലെ രുചി സമ്മാനിക്കുന്ന ഇടമാണ്. ഷബീർ ഹുസൈൻ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉദിക്കുന്നത് ഒരു രുചി പെരുമയുടെ ഓർമകളാണ്. കറികളുടെ രാജാവ് എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം, ഓരോ വിഭവത്തിലും തന്റെ സ്നേഹവും കരുതലും നിറച്ചു. അദ്ദേഹത്തിന്റെ ഓരോ വിഭവവും ഒരു കഥ പറഞ്ഞു, മനോഹരമായ ഓർമ സൃഷ്ടിച്ചു.
അക്ബർ റസ്റ്ററന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ഷബീർ ഹുസൈന്റെ മരണ വിവരം പ്രസിദ്ധീകരിച്ചത്. ഷബീർ ഹുസൈന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് അക്ബർ റസ്റ്ററന്റിന്റെ എല്ലാ ശാഖകളും അടച്ചിടും എന്നും വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല