സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് വിവാദത്തിനും ലിംഗമാറ്റത്തിനും ശേഷം വിവാദ നായിക ചെല്‍സി മാനിംഗ് അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ രഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തതിനാണ് സൈനികനായിരുന്ന ബ്രാഡ്‌ലി എഡ്വേര്‍ഡ് മാനിങ്ങിന് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. തുടര്‍ന്ന് മാനിങ്ങിന്റെ ലിംഗമാറ്റവും വാര്‍ത്തയായി. ബ്രാഡ്‌ലിയില്‍നിന്ന് ചെല്‍സിയിയായി മാറിയായ ചെല്‍സിയുടെ തടവുശിക്ഷ ഒബാമ ഭരണകൂടം ഇളവു ചെയ്യുകയായിരുന്നു.
മേരിലാന്‍ഡില്‍നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് ചെല്‍സി. മേരിലാന്‍ഡില്‍ വോട്ടുചെയ്യാന്‍ ഓഗസ്റ്റില്‍ അവകാശം നേടിയ ചെല്‍സി വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇവിടെ മൂന്നാംതവണയും വിജയം തേടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബെന്‍ കാര്‍ഡിനാവും എതിരാളി. ജൂണ്‍ 26നു നടക്കുന്ന പാര്‍ട്ടി പ്രാഥമിക തിരഞ്ഞെടുപ്പില്‍ തോറ്റാല്‍, സ്വതന്ത്രയായി മത്സരിക്കില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ചെല്‍സി ഭരണകൂടത്തിന്റെ നിരീക്ഷണസംവിധാനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരേയാണ് തന്റെ പോരാട്ടമെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏഴു ലക്ഷത്തോളം സൈനിക രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തിയെന്നായിരുന്നു അന്നത്തെ ബ്രാഡ്‌ലിക്കെതിരായ ആരോപണം. തുടര്‍ന്ന് 2013ല്‍ പട്ടാളക്കോടതി വിചാരണയ്ക്ക് വിധേയനായി. നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് ലിംഗമാറ്റത്തിന്റെ ഭാഗമായുള്ള ഹോര്‍മോണ്‍ തെറാപ്പിക്ക് അനുമതി കിട്ടിയത്. തടവിലായിരിക്കേ ചെല്‍സി രണ്ടുതവണ ആത്മഹത്യയ്ക്കും ശ്രമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല