ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന സ്‌കോറില്‍ സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 4-3ന് ഷൂട്ടൗട്ട് കൂടി മറികടന്നതോടെ ചെല്‍സി ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാംപ്യന്മാരായി. നാലുവര്‍ഷം മുമ്പ് സ്വന്തം നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു മുന്നില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടുമടക്കി കളം വിട്ട ചെല്‍സിക്ക് ഇത്തവണ തലയുയര്‍ത്തി തന്നെ നാട്ടിലെത്താം.
83ാം മിനിറ്റില്‍ തോമസ് മുള്ളറിലൂടെ ആതിഥേയര്‍ ലീഡ് നേടി. ഷ്വെന്‍സ്റ്റീഗറില്‍ നിന്നുള്ള ഹൈ ബോളിനെ ഒരു ബൗണ്‍സര്‍ ഹെഡ്ഡറിലൂടെ മുള്ളര്‍ വലയിലെത്തിച്ചപ്പോള്‍ ഗ്യാലറിയില്‍ വിജയത്തിന്റെ ആരവം തുടങ്ങി കഴിഞ്ഞിരുന്നു. എന്നാല്‍ ദിദിയര്‍ ദ്രോഗ്ബ എന്ന അദ്ഭുതതാരം ആര്‍ത്തിരമ്പുന്ന കാണികളെ നിശബ്ദരാക്കി കൊണ്ട് സമനില ഗോള്‍ നേടി. സ്പാനിഷ് താരം യുവാന്‍ മാത പോസ്റ്റിനരികിലൂടെ പായിച്ച കോര്‍ണര്‍ കിക്കിനെ ഗ്രോഗ്‌ബെ മികച്ചൊരു ഡൈവിങ് ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
നിശ്ചിതസമയം സമനിലയില്‍ ആയതോടെ ആരംഭിച്ച പെനല്‍റ്റിയില്‍ ഫിലിപ് ലാം, മരിയോ ഗോമസ്, മാനുവല്‍ നുവര്‍ എന്നിവര്‍ ബയേണിനുവേണ്ടി വലകുലുക്കി. ഡേവിഡ് ല്യൂയിസ്, ഫ്രാങ്ക് ലാംപാര്‍ഡ്, ആഷ്‌ലി കോള്‍, ദിദിയര്‍ ദ്രോഗ്ബ എന്നിവര്‍ ചെല്‍സിക്കുവേണ്ടി ലക്ഷ്യം കണ്ടു. അങ്ങിനെ 4-3ന് ഷൂട്ടൗട്ട് കൂടി മറികടന്നതോടെ ചെല്‍സി യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു ക്ലബ്ബ് നേടുന്ന ആദ്യവിജയമാണിത്. ഇതോടെ എഫ്എ കപ്പും യൂറോപ്യന്‍ കപ്പും ഒരേ സീസണില്‍ നേടുന്ന രണ്ടാമത്തെ ടീമായി ചെല്‍സി മാറി. 1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിത്. റോബര്‍ട്ടോ ഡി മറ്റോ എന്ന താല്‍ക്കാലിക കോച്ചിനു കീഴിലാണ് ചെല്‍സി ഈ മാന്ത്രികപ്രകടനം കാഴ്ചവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല