ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ പുത്തന്‍കൂറ്റുകാര്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്വപ്നതുല്യമായ കുതിപ്പിനു ചെല്‍സിയുടെ ഫുള്‍ സ്റ്റോപ്പ്. ലീഗില്‍ തലപ്പത്തുള്ള സിറ്റിയെ ബ്ലൂസ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. പകരക്കാന്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെ പെനല്‍റ്റി ഗോളാണു മാന്‍സീനിയുടെ കുട്ടികളുടെ കഥകഴിച്ചത്. 16 മത്സരങ്ങളില്‍ സിറ്റിയുടെ ആദ്യ പരാജയമാണിത്. തോറ്റെങ്കിലും അവരുടെ (38 പോയിന്റ്) ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 36 പോയിന്റുള്ള മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് തൊട്ടുപിന്നില്‍. ചെല്‍സി (31) മൂന്നാമത്.
ചെല്‍സിയുടെ ഹോം ഗ്രൗണ്ട് സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ രണ്ടാം മിനിറ്റില്‍ത്തന്നെ സിറ്റി വെടി പൊട്ടിച്ചു. സെര്‍ജിയോ അഗ്വെറോയുടെ മനോഹരമായ ത്രൂ പാസ് മരിയോ ബെല്ലോറ്റലിയിലൂടെ ചെല്‍സിയുടെ വലയില്‍ (1-0). പിന്നെ ഏറെനേരം സിറ്റി കളി നിയന്ത്രിച്ചു. സിറ്റിയുടെ പാസിങ് ഗെയിം ചെല്‍സി പ്രതിരോധത്തിനു തലവേദന തീര്‍ത്ത സമയം. പന്തടക്കത്തില്‍ സിറ്റി മികച്ചു നിന്നപ്പോള്‍ ആദ്യ അവസരം തുറക്കാന്‍ ചെല്‍സിക്ക് അര മണിക്കൂര്‍ കാത്തിക്കേണ്ടിവന്നു. എന്നാല്‍, ദിദിയര്‍ ദ്രോഗ്ബയുടെ നിലം പറ്റിയുള്ള ഷോട്ട് ജോ ഹാര്‍ട്ട് സേവ് ചെയ്തു. 34ാം മിനിറ്റില്‍ ചെല്‍സി ഒപ്പമെത്തി. റൗള്‍ മെയ്റെയ്ലസിന്റെ ഉശിരന്‍ വോളി സിറ്റിയുടെ വലതുളച്ചു (1-1). പിന്നാലെ ടീമിനെ മുന്നിലെത്തിക്കാനുള്ള അവസരം ഡാനിയേല്‍ സ്റ്റര്‍ഡിജ് തുലച്ചു.
രണ്ടാം പകുതയില്‍ പോരാട്ടം ഒപ്പത്തിനൊപ്പം. എന്നാല്‍, രണ്ടാം മഞ്ഞകാര്‍ഡ് കണ്ട ഗെയ്ല് ക്ലി ഞ്ചിയുടെ പുറത്താകല്‍ സിറ്റിയെ പിന്നോട്ടടിച്ചു. എതിരാളിയുടെ അംഗബലക്കുറവു മുതലെടുത്ത ചെല്‍സി സമ്മര്‍ദം ശക്തമാക്കി. സ്റ്റര്‍ഡിജും ദ്രോഗ്ബയും യുവാന്‍ മാറ്റയും സിറ്റയുടെ ഗോള്‍ മുഖത്തേക്ക് ഇരമ്പിയാര്‍ത്തു. മത്സരം മുറകവേ വില്ലാസ് ബോവാസ് ലാംപാര്‍ഡിനെ കളത്തിലിറക്കി. 81ാം മിനിറ്റില്‍ സ്റ്റര്ഡിജന്റെ ക്രോസ് ജൂലിയന്‍ ലാസ്കോട്ട് കൈകൊണ്ടു തൊട്ടു, റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ലാംപാര്‍ഡിനു പിഴച്ചില്ല (2-1). അവശേഷിച്ച സമയങ്ങളിലധികവും പന്തു കൈവശംവച്ച ചെല്‍സി വിജയം ഉറപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല