1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: സിറിയയില്‍ ആകാശത്തുനിന്ന് വിഷവാതക പ്രയോഗം, പിഞ്ചുകുട്ടികളടക്കം 60 ഓളം പേര്‍ കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായ തെക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദിലിബ് പ്രവിശ്യയിലുള്ള ഖാന്‍ ഷെയ്ഖന്‍ നഗരത്തിലാണ് രാസായുധ പ്രയോഗത്തില്‍ ഏഴു കുട്ടികളടക്കം 60 ഓളം പേര്‍ തല്‍ക്ഷണം പിടഞ്ഞു മരിച്ചത്. രാസായുധ പ്രയോഗത്തിത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി ആളുകളെ ശ്വാസതടസം, ചര്‍ദ്ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിമതരുടെ പിടിയിലുള്ള സിറിയന്‍ നഗരമാണ് ഖാന്‍ ഷെയ്ഖുന്‍. അല്‍ഖ്വയ്ദ ബന്ധമുള്ള ഹായത് തഹ്‌രീര്‍ അല്‍ഷാമിന്റെ നിയന്ത്രണത്തിലാണ് നഗരം. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശത്ത് പ്രത്യക്ഷപ്പെട്ട യുദ്ധവിമാനങ്ങള്‍ വിഷവാതകം പുറത്തേക്ക് വിടുകയായിരുന്നു.

റഷ്യന്‍, അമേരിക്കന്‍, ഐഎസ് ഭീകരര്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്രമണങ്ങള്‍ക്ക് മാറിമാറി ഇരയാകാറുള്ളവരാണ് ഇദ്‌ലിബ് പ്രവിശ്യയിലെ ജനങ്ങള്‍. അതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, സിറിയന്‍ സര്‍ക്കാരാണ് രാസായുധ പ്രയോഗം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ യുഎന്‍ അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.

റഷ്യന്‍ സഖ്യസേനകളുടെ വിമാനങ്ങളും സംശയത്തിന്റെ നിഴലിലാണ്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഹൂമന്‍ റൈറ്റ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഭ്യന്തര യുദ്ധം എങ്ങുമെത്താതെ നീളുകയും ലക്ഷക്കണക്കിന് ആളുകള്‍ വിവിധ പട്ടണങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നാതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടിയിലാണ് രാസായുധ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബ്രസ്സല്‍സില്‍ യുറോപ്യന്‍ യൂണിയനും യുണൈറ്റഡ് നേഷനും പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് നടക്കാനിരിക്കേയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.