സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം, സിറിയക്കും റഷ്യക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പരാജയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് അമേരിക്ക. ഡമാസ്‌കസിനും മോസ്‌കോയ്ക്കും എതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇറ്റലിയില്‍ ടസ്‌കനിയിലെ ലുക്കാ നഗരത്തില്‍ ചേര്‍ന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം തള്ളി.
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇറ്റലിയില്‍ സംഗമിച്ചത്. രാസായുധപ്രയോഗത്തെ യോഗം ഒന്നടങ്കം ശക്തമായി അപലപിക്കുകയും ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും സിറിയന്‍ ഭരണകൂടത്തിന് പിന്തുണ തുടരുന്ന റഷ്യക്കുമേല്‍ ഉപരോധം വേണമെന്ന ആവശ്യം തള്ളുകയായിരുന്നു.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണാണ് ഉപരോധമെന്ന ആവശ്യം ഉന്നയിച്ചത്. ലോകത്തിനു മുന്നില്‍ വ്‌ലാദിമിര്‍ പുടിന്‍ റഷ്യയുടെ പ്രതിച്ഛായ തകര്‍ത്തെന്നും സിറിയയില്‍ ബശ്ശാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആ രാജ്യം ഗൗരവമായി ആലോചിക്കണെമന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, പിന്തുണ അവസാനിപ്പിക്കുന്നതിനു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ സൈനിക ഓഫിസര്‍ക്കുനേരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന ബോറിസ് ജോണ്‍സെന്റ ആവശ്യത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്.
യു.എസ് ഈ ആവശ്യത്തെ പിന്തുണച്ചെങ്കിലും റഷ്യയുമായി അനുരഞ്ജന ശ്രമങ്ങളാണ് ഈ സാഹചര്യത്തില്‍ വേണ്ടതെന്ന് മറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബശ്ശാറിന്റെ സുഹൃത്തുക്കളായ ഇറാനും റഷ്യയും സഹകരിച്ചാല്‍ മാത്രമേ സിറിയയില്‍ സമാധാനം പുലരുകയുള്ളൂവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. ബശ്ശാറിന് യു.എസ് കൃത്യമായ മറുപടി നല്‍കിക്കഴിഞ്ഞു. റഷ്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള കലഹം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാന ചര്‍ച്ചകളില്‍ റഷ്യക്ക് മുഖ്യസ്ഥാനമാണുള്ളതെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മസാറ്റോ ഒഹ്താകയും പിന്തുണച്ചു. സിറിയന്‍ പ്രശ്‌നം പരിഹരിക്കാതെ ലോകം നേരിടുന്ന തീവ്രവാദം തടയാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് ഐറാള്‍ട്ട് അഭിപ്രായപ്പെട്ടു. സിറിയയുടെ ഭാവിയില്‍ ബശ്ശാര്‍ അല്‍അസദിന് ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന് തുറന്നടിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇതിനെല്ലാം ബശ്ശാര്‍ കണക്കുപറയേണ്ടി വരുമെന്നും വ്യക്തമാക്കി.
ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തുന്നതിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നതെന്നു പറഞ്ഞ ടില്ലേര്‍സണ്‍ അസാദിനെ ന്യായീകരിക്കുന്ന റഷ്യക്ക് അന്ത്യശാസനം നല്‍കാനും മടിച്ചില്ല. അമേരിക്കയും പാശ്ചാത്യശക്തികളും ഉള്‍പ്പെട്ട സഖ്യത്തിന്റെകൂടെ നില്‍ക്കണമോ ഇറാനും ഹിസ്ബുള്ളയും അസാദും ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ കൂടെ നില്‍ക്കണമോ എന്ന കാര്യത്തില്‍ റഷ്യ ഉടന്‍ തീരുമാനമെടുത്തേ മതിയാവൂ എന്നു ടില്ലേര്‍സണ്‍ പറഞ്ഞു.
ഈ സന്ദേശവുമായി ബുധനാഴ്ച മോസ്‌കോയ്ക്കു പോകുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേര്‍സണെ കാണാന്‍ പുടിന്‍ തയാറാവില്ലെന്നാണു സൂചന. പകരം, അദ്ദേഹം വിദേശകാര്യമന്ത്രി ലാവ്‌റോവുമായി സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. ട്രംപ് ഭരണത്തില്‍ മെച്ചപ്പെടുമെന്നു കരുതിയിരുന്ന യുഎസ് റഷ്യ ബന്ധം സിറിയയിലെ യുഎസ് മിസൈല്‍ ആക്രമണത്തോടെ ആടിയുലയുന്ന സാഹചര്യത്തില്‍ ടില്ലേഴ്‌സണ്‍ന്റെ മോസ്‌കോ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല