കാന്‍സര്‍ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കീമോ തെറാപ്പി കാന്‍സര്‍ സെല്ലുകള്‍ വീണ്ടും സജീവമാകാനുളള സാധ്യതയെ ഉദ്ദീപിക്കുന്നുവെന്ന് പഠനങ്ങള്‍. ഒപ്പം വീണ്ടും ചികിത്സ വിജയമാക്കാത്ത തരത്തില്‍ കാന്‍സര്‍ സെല്ലുകള്‍ കീമോതെറാപ്പിയോട് പ്രതിരോധ സ്വഭാവം ആര്്ജ്ജിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കീമോതെറാപ്പി ചെയ്യുമ്പോള്‍ കാന്‍സര്‍ സെല്ലുകളെ കൂടാതെ സമീപത്തുളള ആരോഗ്യമുളള കോശങ്ങള്‍ക്കു കൂടി നാശമുണ്ടാകുന്നുണ്ട്. ഈ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു പ്രോട്ടീന്‍ ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുകയും തുടര്‍ ചികിത്സ അസാധ്യമാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.
അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് തികച്ചും അപ്രതീക്ഷിതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കണ്ടെത്തല്‍ നടത്തിയിട്ടുളളത്. ലാബിലെ പരീക്ഷങ്ങളില്‍ കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണമായും ഇ്ല്ലാതാക്കുന്നുണ്ടെങ്കിലും മനുഷ്യശരീരത്തില്‍ അവ വീണ്ടും കരുത്താര്ജ്ജിക്കുന്നതെന്താണന്നുളള ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ശാസ്ത്രജ്ഞര്‍. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായ ഒരു മനുഷ്യനില്‍ നിന്നെടുത്ത ടിഷ്യു സാമ്പിളുകളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. ഇത് അനുസരിച്ച് ചികിത്സയ്ക്ക് ശേഷം സമീപത്തുളള കോശങ്ങളുടെ ഡിഎന്‍എക്ക് നാശം സംഭവിച്ചതായി ഗവേഷകര്‍ കണ്ടെത്തി.
ട്യൂമറുകളില്‍ കണ്ടെത്തുന്ന കാന്‍സര്‍ സെല്ലുകള്‍ അമിതമായി വിഭജിച്ച് കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കുന്നതിനായിട്ടാണ് കീമോതെറാപ്പി ചെയ്യുന്നത്. എന്നാല്‍ കീമോതെറാപ്പി ചെയ്യുമ്പോള്‍ സമീപത്തെ കോശങ്ങള്‍ WNT16 B എന്ന പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതായും അവ കാന്‍സര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കുന്നതായുമാണ് കണ്ടെത്തിയിട്ടുളളത്. WNT 16B യുടെ ഉത്പാദനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പഠനസംഘത്തില്‍ ഉള്‍പ്പെട്ട ഫ്രെഡ് ഹട്ചിന്സണ് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ പീറ്റര്‍ നെല്‍സണ്‍ വ്യക്തമാക്കി.
നശിച്ചുപോകുന്ന കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ പ്രോട്ടീന്‍ തൊട്ടടുത്ത ട്യൂമര്‍ കോശങ്ങളിലേക്ക് എത്തുകയും അവ കാന്‍സര്‍ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി തുടര്‍ ചികിത്സ കൂടുതല്‍ ശ്രമകരമാവുകയും ചെയ്യുന്നു. കാന്‍സര്‍ ചികിത്സയില്‍ ്ട്യൂമറുകള് മരുന്നുകളോട് ആദ്യം നന്നായി പ്രതികരിക്കുകയും പിന്നീട് വളരെ പെട്ടന്ന് തിരിച്ചു വരുകയും ചികിത്സയെ പ്രതിരോധിക്കുകയും ചെയ്യുന്നതിനുളള കാരണം ഇതാണ്. ചികിത്സയ്ക്ക് ശേഷം മടങ്ങിവരുന്ന കാന്‍സര്‍ സെല്ലുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതായും കണ്ടെത്തിയിരുന്നു.
പുതിയ കണ്ടെത്തല്‍ പ്രോസ്റ്റേറ്റ് കാന്‍സറില്‍ മാത്രമല്ല ബ്രസ്റ്റ് കാന്‍സറിലും ഒവേറിയന്‍ കാന്‍സറിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കാന്‍സറില്‍ നിന്ന് പൂര്‍ണ്ണമായും സുഖം നല്കുന്ന ഒരു പുതിയ ചികിത്സാരീതി കണ്ടെത്താന്‍ പുതിയ കണ്ടെത്തല്‍ കാരണമാകുമെന്നാണ് കരുതുന്നത്. ഉദാഹരണമായി കീമോതെറാപ്പിയുടെ ഫലമായുണ്ടാകുന്ന WNT16B പ്രോട്ടീനെതിരേ ഒരു ആന്റീബോഡി നല്കിയാല് അത് കൂടുതല്‍ ട്യൂമര്‍ സെല്ലുകളെ കൊന്നൊടുക്കുകയും ചെയ്യും. എന്നാല്‍ ഇത് ചെറിയ ഡോസിലുളള തെറാപ്പികള്ക്കൊപ്പമേ സാധിക്കൂ എന്നൊരു ദോഷമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല