സ്വന്തം ലേഖകൻ: ചെന്നൈയിൽ, അപ്പാർട്ട്‌മെൻ്റിന്റെ നാലാം നിലയിൽ നിന്ന് വീണു മേൽക്കൂരയിൽ കുടുങ്ങിയ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കാരമട സ്വദേശി രമ്യയെ (33) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
രമ്യ ഭർത്താവ് വെങ്കിടേഷിനും രണ്ട് കുട്ടികൾക്കുമൊപ്പം ചെന്നൈയിൽ തിരുമുല്ലൈവയിലിലെ അപ്പാർട്ട്‌മെൻ്റിലായിരുന്നു താമസം. രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. രക്ഷിതാക്കൾ ഞായറാഴ്ച വിവാഹ ചടങ്ങിൽ പങ്കെടുക്കാൻപോയ സമയത്താണ് മരണം നടന്നത്.
സംഭവ സമയത്ത് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവണ് ഉറക്കമുണർന്നപ്പോൾ, തൂങ്ങിയ നിലയിൽ രമ്യയെ കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം മേട്ടുപാളയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാരമട പൊലീസ് സ്ഥലത്തെത്തി സംഭവത്തെ കുറിച്ചുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
ഏപ്രിൽ മാസം 28നാണ് നാലാം നിലയിൽനിന്നു വീണ കുട്ടി, രണ്ടാം നിലയിലെ ടിൻ ഷീറ്റിൻ്റെ മുകളിൽ തൂങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത പ്രചരിച്ചത്. ബാല്‍ക്കണിയില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് ഇടയിൽ അമ്മയുടെ കയ്യില്‍ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്.
കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ വ്യാപകമായ വിമർശനമാണ് രക്ഷിതാക്കൾക്കെതിരെ ഉയർന്നത്. ഇതോടെ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ വ്യാപക സൈബർ ആക്രമണവും ഉണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നും പ്രദേശ വാസികളിൽ നിന്നുമുള്ള കുറ്റപ്പെടുത്തലുകൾ കൂടിയായതോടെ രമ്യ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട കുഞ്ഞിനെ കൂടാതെ 5 വസസ്സുകാരനായ മറ്റൊരു കുട്ടിയും ദമ്പതികൾക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല