സ്വന്തം ലേഖകൻ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മരണം ഒമ്പതായി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായാണ് ഒമ്പതു പേർ മരിച്ചത്. അടുത്ത 12 മണിക്കൂറിൽ ഫിൻജാൽ ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
24 മണിക്കൂറിൽ 50 സെന്റീമീറ്ററിന് മുകളിൽ മഴയാണ് പെയ്തത്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ജില്ലാ കളക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
പുതുച്ചേരിയിലെ സ്കൂളുകൾക്കും കോളജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.
വൈദ്യുത വിതരണം അടക്കം പലയിടത്തും താറുമാറായി. വാഹനങ്ങൾ അടക്കം ഒഴുകിപ്പോകുന്ന സ്ഥിതിയാണ് പലയിടങ്ങളിലും ഉള്ളത്. അതേസമയം, തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്‌കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെയാണ് ഒഴിപ്പിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയായിരുന്നു.
സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പലയിടത്തും യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്. ട്രെയിൻ ഗതാഗതത്തെയും അവ ബാധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല