1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2024

സ്വന്തം ലേഖകൻ: ഫെംഗൽ ചുഴലിക്കാറ്റ് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ തമിഴ്‌നാട് തീരം പിന്നിട്ടതോടെ കരയിലേക്ക് കടക്കുന്ന പ്രക്രിയ പൂർത്തിയാക്കിയതായി ഐഎംഡി അറിയിച്ചു. കരയിലേക്ക് കടന്നതിന് ശേഷം, ഫെംഗൽ ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും അടുത്ത ആറ് മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുമെന്നും പ്രവചിക്കപ്പെടുന്നു.

ഫെംഗല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴ ആരംഭിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒരുക്കങ്ങൾ അവലോകനം ചെയ്തു.

പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലുള്ള ക്രോസിംഗ് പോയിൻ്റുള്ള മിക്ക തീരദേശ ജില്ലകളിലും കൂടുതൽ ആഘാതം അനുഭവപ്പെടും. കാറ്റും മഴയും ഉണ്ടാകും. ഇന്ന് കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50-60 കി.മീറ്ററിലെത്തി, മണിക്കൂറിൽ 70 കി.മീ. വേഗതയിൽ വീശാം. ഉച്ചയ്ക്ക് രണ്ട് മണിയോടെ പലയിടത്തും അതിശക്തമായ മഴയുണ്ടാകുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ കേന്ദ്രം മേഖലാ ഡയറക്ടർ പറഞ്ഞു ഡോ എസ് ബാലചന്ദ്രൻ പറഞ്ഞു.

ചെന്നൈ എയർപോർട്ട് ഞായറാഴ്ച പുലർച്ചെ നാല് വരെ എല്ലാ വിമാന പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഫ്ലൈറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ, വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി ഉയര്‍ന്നു. “ഞാൻ ഇന്നലെ വൈകിട്ട് 6 മണിക്ക് ചെന്നൈ എയർപോർട്ടിൽ എത്തി. ഫെംഗൽ ചുഴലിക്കാറ്റ് കാരണം എൻ്റെ ഫ്ലൈറ്റ് റദ്ദാക്കി. ഞങ്ങൾക്കായി മറ്റെന്തെങ്കിലും വിമാനം ഏർപ്പാടാക്കണം അല്ലെങ്കിൽ അവർ പണം തിരികെ നൽകണം, പക്ഷേ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല,’ യാത്രക്കാരിൽ ഒരാൾ എഎൻഐയോട് പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിൽ റൺവേകളിൽ വെള്ളം കയറിയതിനെ തുടർന്ന് 55 വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. കൂടാതെ 9 എണ്ണം വഴിതിരിച്ചുവിട്ടു. ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ തടസ്സങ്ങൾ ഏകദേശം 10,000 യാത്രക്കാരെ ബാധിച്ചു. ഏകദേശം 1,000 ആളുകൾ വിമാനത്താവളത്തിലുണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നു. ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 500 ഓളം പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയിൽ മഴക്കെടുതിയിൽ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. നഗരത്തിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ഒരു കുടിയേറ്റ തൊഴിലാളിയാണ് ഇവരിൽ ഒരാൾ. ഇയാളുടെ മൃതദേഹം എടിഎമ്മിന് സമീപം പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.