സ്വന്തം ലേഖകൻ: ഫെംഗല്‍ ചുഴലിക്കാറ്റ് വൈകിട്ട് തീരം തൊടുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്തമഴ. ചുഴലിയുടെ സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി ഏഴു വരെ അടച്ചു. ചെന്നൈയിലേക്കുള്ള വിമാനസര്‍വീസുകള്‍ താത്കാലികമായ നിര്‍ത്തിയതായി എയര്‍ഇന്ത്യ, ഇന്‍ഡിഗോ അടക്കം വിമാനക്കമ്പനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ ജില്ലകളായ മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആര്‍), പഴയ മഹാബലിപുരം റോഡ് (ഒഎംആര്‍) എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങളും സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
തമിഴ്നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകളും പരസ്യ ഹോര്‍ഡിംഗുകളും നീക്കം ചെയ്തു. അടിയന്തര ടോള്‍ ഫ്രീ നമ്പറുകള്‍ – 112, 1077 എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ചെന്നൈ ഡിവിഷനിലെ എല്ലാ സബര്‍ബന്‍ സെക്ഷനുകളിലുമുള്ള ലോക്കല്‍ ട്രെയിനുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ പുതുച്ചേരിയില്‍ കടല്‍ത്തീരത്ത് ആളുകളുടെ സഞ്ചാരമില്ലെന്ന് ഉറപ്പാക്കാന്‍ ബീച്ച് റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധിയാണ്. ഐടി കമ്പനികളോട് അവരുടെ ജീവനക്കാരെ ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. തീരദേശപ്രദേശങ്ങളിലെല്ലം അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല