സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത. മഴ കനത്തതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെന്നെെ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവച്ചു.
ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തിരിച്ചുമുള്ള 40 സർവീസുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമടക്കം ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. അതിനിടെ, ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്തമഴയെ തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി. തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ടതും ചെന്നൈയിലേക്ക് വരുന്നതുമായ മറ്റുചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ മറ്റുട്രെയിനുകളുടെ റേക്ക് ഉപയോഗിച്ച് കാട്പാഡി, ആരക്കോണം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തും.
വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ വെള്ളം നിറഞ്ഞ റണ്‍വേയും സര്‍വ്വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടതും മറ്റൊരു വീഡിയോയില്‍ കാണാം.
അതിശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ പലഭാഗത്തുനിന്നുമുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല