1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിൽ നാശം വിതച്ച് അതിതീവ്ര മഴ തുടരുന്നു. ചെന്നൈ നഗരത്തിന്റെ 60 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. മഴയുടെ ശക്തി ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശവാസികൾ കടലിൽ പോകരുതെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. ചെന്നൈയിലെ മറീന ബീച്ചിന് സമീപമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്.

നിലവിൽ തമിഴ്‌നാടിന് വടക്ക് കിഴക്കായുള്ള ന്യൂനമർദ്ദം വൈകിട്ടോടെ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് ചെന്നൈയ്‌ക്ക് സമീപം കരതൊടുമെന്നാണ് പ്രവചനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രധാനപ്പെട്ട ഏഴ് റോഡുകളും 11 സബ് വേകളും അടച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 18 യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ പ്രദേശത്ത് 12 പേരാണ് മരിച്ചത്. നിരവധി വീടുകൾ തകർന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. തിരുവാരൂരിൽ 50,000 ഏക്കർ കൃഷി വെള്ളത്തിനടിയിലായെന്ന് കർഷകർ പറഞ്ഞു. നാഗപ്പട്ടണത്തുണ്ടായ കനത്ത മഴയിൽ 25,000 ഏക്കറോളം ഭൂമിയിലെ കൃഷിയും നശിച്ചു.മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയിലേക്ക് വരുന്ന വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 2015ന് ശേഷം തമിഴ്‌നാട്ടിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്.

ശക്തമായ മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിൽ എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഉച്ചയ്ക്ക് 1.15 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾ പുറപ്പെടുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.