1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2021

സ്വന്തം ലേഖകൻ: വരുന്ന രണ്ട് ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. ചെന്നൈയിൽ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചെന്നൈയിൽ അടക്കം 9 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. പ്രധാന റോഡുകളും അടിപ്പാതകളിലും വെള്ളക്കെട്ട് തുടരുകയാണ്. ബസ് ഗതാഗതവും ഭാഗികമായാണ് നടക്കുന്നത്. അതേസമയം, മെട്രോ, ട്രെയിൻ, വിമാന സർവീസുകള്‍ക്ക് തടസമുണ്ടായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കൽപെട്ട്, കൂടല്ലൂർ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാദുരൈ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളും സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ജലനിരപ്പ് നിയന്ത്രിക്കാനായി തുറന്നുവിട്ട ജലസംഭരണികളുടെ ഷട്ടറുകളും അടച്ചിട്ടില്ല. ഇതു മൂലം അഡയാര്‍ നദി കരകവിഞ്ഞു. തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലും മഴക്കെടുതി തുടരുന്നതിനാൽ അവിടേയും ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയിട്ടുണ്ട്.

അതേസമയം, ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രാഷ്ട്രീയ യുദ്ധത്തിനും തുടക്കമായി. മുൻമുഖ്യമന്ത്രിയുടെ ഉദാസീനതയേയും അഴിമതിയുമാണ് ഇത്തരത്തിൽ വെള്ളക്കെട്ടിന് കാരണമെന്നാണ് സ്റ്റാലിന്റെ ആരോപണം. അതേസമയം, പ്രളയം തടയുന്നതിന് ഡിഎംകെ സർക്കാർ മുൻകരുതൽ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് എഐഎഡിഎംകെയും ആരോപിച്ചു.

മുഖ്യമന്ത്രി സ്റ്റാലിനെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്. ഭരണകക്ഷിയായ ഡിഎംകെ നാടകം കളിക്കുന്നുവെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഡിഎംകെ നാടക കമ്പനി എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങാകുന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെ അനുഭാവികളും ബിജെപിയുമാണ് പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നത്.

ഫോട്ടോഗ്രാഫര്‍ക്കൊപ്പമാണ് സ്റ്റാലിൻ എത്തുന്നത് എന്നും എല്ലാം നാടകമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കരുണാനിധിയുടേയും സ്റ്റാലിന്റേയും ഉദയനിധി സ്റ്റാലിന്റേയും ചിത്രങ്ങള്‍ പതിപ്പിച്ച ചാക്കുകളിലാണ് അരിയും മറ്റും നൽകുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന് പുറമെ നിരവധി വീഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.