സ്വന്തം ലേഖകന്‍: ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ടുപോയത് 5,500 സര്‍ക്കാര്‍ ബസുകള്‍, മൊത്തം 300 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍. മഴ ശമിച്ചതിനെ തുടര്‍ന്ന് ഓരോ മേഖലയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു എന്നതിനാല്‍ നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ഉയരാനാണ് സാധ്യത.
ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളത് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ്. 5,500 ബസ്സുകള്‍ വെള്ളം കയറി കേടായി എന്നാണ് റിപ്പോര്‍ട്ട്. മുന്നൂറ് കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
ഇപ്പോള്‍ മഴ മാറി വെള്ളം ഒഴിഞ്ഞുതുടങ്ങി. പക്ഷേ ബസ്സുകള്‍ പാതിയിലധികവും കട്ടപ്പുറത്തായതോടെ സര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കാനാകാതെ കഷ്ടപ്പെടുകയാണ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്.
തമിഴ്നാട് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ചെന്നൈയിലെ സര്‍വ്വീസുകള്‍ നടത്തുന്നത്. അമ്പത് ശതമാനത്തോളം ബസ്സുകളും ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ സജ്ജമല്ല. അറ്റകുറ്റപ്പണികള്‍ക്ക് സമയമെടുക്കുകയും ചെയ്യും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വില്ലുപുരം, കടലൂര്‍, കാഞ്ചീപുരം ഡിപ്പോകളിലെ ബസ്സുകളാണ് നാശമായവയില്‍ ഏറെയും. ഡിപ്പോകളിലെ വര്‍ക്ക് ഷോപ്പുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബസ്സുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്കൊപ്പം വര്‍ക്ക് ഷോപ്പ് ഉപകരണങ്ങള്‍ കൂടി വാങ്ങേണ്ട സ്ഥിതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല