സ്വന്തം ലേഖകൻ: ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം കാലിയായെന്നും ഓണ്‍ലൈന്‍ ആപ്പുകള്‍ ഹോംഡെലിവറി പോലും നിര്‍ത്തിവെച്ചെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പലരും പറഞ്ഞു.
ചെന്നൈ നഗരത്തിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറികളും പലവ്യജ്ഞനങ്ങളും മണിക്കൂറുകള്‍ക്കകം തീര്‍ന്നെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ കുറിച്ചത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കാലിയായി കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതാണ് വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് കാരണം. ചൊവ്വാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ പലഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യകമ്പനികളിലെ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചവരെ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല