
സ്വന്തം ലേഖകൻ: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസര്‍വീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വര്‍ഷത്തെ സര്‍വീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രന്‍. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.
ഉദ്ഘാടനസര്‍വീസായതിനാല്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ജനങ്ങള്‍ക്ക് കാണാനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.
ശനിയാഴ്ചമുതല്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് നിന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തും.
ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 2295 രൂപ. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് യഥാക്രമം 1365-ഉം 2486 രൂപയുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
ചെന്നൈക്കും മൈസൂരുവിനും ഇടയില്‍ 500 കിലോമീറ്റര്‍ 6.30 മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാട്പാഡി, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുണ്ടാകുക.
വന്ദേഭാരത് എക്‌സ്പ്രസ് അതിന്റെ പൂര്‍ണ്ണശേഷിയില്‍ ഓടുകയാണെങ്കില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
എല്ലാ കോച്ചുകളിലേയും ഡോറുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്ര വിവരണങ്ങള്‍ ഓഡിയോ വീഡിയോ ആയി യാത്രക്കാര്‍ക്ക് ലഭ്യമാകും. എല്ലാ കോച്ചുകളിലും വൈ ഫൈ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല