കൊഴുക്കുന്ന ചൂടില്‍ സിക്‌സറുകളും ബൗണ്ടറികളും വര്‍ഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആക്രമണത്തെ നിഷ്‌നപ്രഭമാക്കിയ ഡേവിഡ് വാര്‍ന(69 പന്തില്‍ പുറത്താവാതെ 135)റുടെ കരുത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ന്യൂസൗത്ത് വെയില്‍സ് 46 റണ്‍സ് വിജയവുമായി ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. ആദ്യം ബാറ്റു ചെയ്ത ന്യൂസൗത്ത് വെയില്‍സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തപ്പോള്‍ സൂപ്പര്‍ കിങ്‌സ് 18.5 ഓവറില്‍ 155 റണ്‍സിന് പുറത്തായി. എട്ടു സിക്‌സറുകളും 11 ബൗണ്ടറിയും പറത്തി ട്വന്റി 20-യില്‍ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ച ഡേവിഡ് വാര്‍നറാണ് കളിയിലെ താരം.
തോല്‍വിയോടെ ചാമ്പ്യന്മാരായ ചെന്നൈ എ ഗ്രൂപ്പിലെ അവസാന സ്ഥാക്കാരായി(രണ്ടുപോയന്റ്) ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ചെന്നൈയ്‌ക്കൊപ്പം കരീബിയന്‍ ടീം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും(നാലു കളികളില്‍ നാലു പോയന്റ്) പുറത്തായി. നാലു കളികളില്‍ മൂന്നും ജയിച്ച് ആറു പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ന്യൂസൗത്ത് വെയില്‍സ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. അഞ്ചു പോയന്റുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തോടെയും സെമിയിലെത്തി.
രണ്ടു പോയന്റുമാത്രമുള്ള ചെന്നൈയ്ക്ക് സെമിയിലെത്താന്‍ ഓസീസ് ടീമിനെ 17 ഓവറില്‍ പരാജയപ്പെടുത്തണമായിരുന്നു. സ്‌കോറിങ് നിരക്കുയര്‍ത്തി വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ ആഞ്ഞടിക്കുകയല്ലാതെ ചെന്നൈയ്ക്ക് പോംവഴിയില്ലാതെ വന്നു. ഈ ശ്രമത്തിനിടയില്‍ തുരുതുരെ വിക്കറ്റുകള്‍ വീണതോടെ കാര്യങ്ങള്‍ ന്യൂസൗത്ത് വെയില്‍സിന്റെ വരുതിയിലായി. 37 റണ്‍സെടുത്ത മൈക്ക് ഹസ്സിയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. സുരേഷ് റെയ്‌ന 28 റണ്‍സ് നേടി. ന്യൂസൗത്ത് വെയില്‍സിനുവേണ്ടി സ്പിന്നര്‍ സൈമണ്‍ ഒക്കീഫെ മൂന്നു വിക്കറ്റു നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല