സ്വന്തം ലേഖകന്‍: ചെന്നൈയില്‍ മഴ ശമിക്കുന്നു, ആയിരം കോടി രൂപയുടെ സഹായവുമായി കേന്ദ്രം. മരണം 250 കവിഞ്ഞു. തലസ്ഥാന നഗരം അടക്കമുള്ള തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ മുതല്‍ മഴ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പല നഗരങ്ങളും വെള്ളപ്പൊക്കത്തിലാണ്.
ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്കു കടുത്ത ക്ഷാമമാണു നേരിടുന്നത്. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി 50,000ല്‍ അധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും രംഗത്തുണ്ട്.
തമിഴ്‌നാടിന് 1000 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചതായി പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കടക്കം വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. വെള്ളത്തിലായ ചെന്നൈ സെന്‍ട്രല്‍ എഗ്മൂര്‍ സ്റ്റേഷനുകള്‍ക്കു പകരം ചെന്നൈ ബീച്ച്, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട എന്നിവടങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചു. രണ്ടു ദിവസം കൂടി മഴ തുടരും. ഇന്നലെ മഴ മാറി നിന്നെങ്കിലും ദുരിതത്തിനു ശമനമുണ്ടായില്ല. പ്രളയത്തില്‍ ഇതുവരെ 269 പേര്‍ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല