സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ നിന്ന് ചെന്നൈ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, രക്ഷാപ്രവര്‍ത്തനം സജീവം. മഴ തുടരുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം. ഞായറാഴ്ച ചെന്നൈയുടെ തെക്കന്‍ ഭാഗങ്ങളില്‍ കനത്തമഴ പെയ്തു. കടലൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലും പുതുച്ചേരിയിലും മഴ ശക്തമായിരുന്നു. ബംഗാള്‍ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ഉടലെടുത്തിട്ടുള്ളതിനാല്‍ തിങ്കളാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണനിലയം അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 245 പേര്‍ മരിച്ചതായാണ് ഔദ്യോഗികകണക്കുകള്‍.
ചെന്നൈ വിമാനത്താവളവും ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനും ഞായറാഴ്ച ഭാഗികമായി പ്രവര്‍ത്തിച്ചു. അന്തമാന്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഞായറാഴ്ച പുനരാരംഭിച്ചത്. തിങ്കളാഴ്ചമുതല്‍ എല്ലാ സര്‍വീസുകളും ചെന്നൈയില്‍നിന്ന് പുനരാരംഭിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയും ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കെ. എസ്.ആര്‍.ടി.സി ബസ് ഓടും. മഴ തുടരുന്നതിനാല്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ഈ ജില്ലകളില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മൊബൈല്‍ഫോണ്‍ ശൃംഖല ഇപ്പോഴും തകരാറിലാണ്.
നഗരത്തിലെ ഇന്ധനക്ഷാമം തീര്‍ക്കാന്‍ അടിയന്തരനടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്താക്കള്‍ അറിയിച്ചു. നഗരത്തില്‍ ഐ.ഒ.സിയുടെ 81 ശതമാനം പമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാചക വാതകം ലഭ്യമാക്കുന്നതിന് ഇതര ജില്ലകളിലുള്ള പ്ലാന്റുകളില്‍ ഉത്പാദനം കൂട്ടിയിട്ടുണ്ടെന്നും ഐ.ഒ.സി വ്യക്തമാക്കി. എന്നാല്‍ ചെന്നൈയില്‍ പലഭാഗങ്ങളിലും ഞായറാഴ്ച പാചക വാതക സിലിണ്ടറുകള്‍ക്കായി വിതരണ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വലിയ ക്യൂ ദൃശ്യമായിരുന്നു. അത്യാവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ചെന്നൈയില്‍ 50 ന്യായവില കടകള്‍കൂടി തുറക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല