സ്വന്തം ലേഖകന്‍: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കാസര്‍ഗോഡുള്ള സ്വവസതിയിലായിരുന്നു.
2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ മുന്‍നിര നേതാവായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെര്‍ക്കളം അബ്ദുള്ള.
കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയിദലി ഷിഹാബ് തങ്ങള്‍ എന്നിവരോട് തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കാസര്‍ഗോഡ് ചെര്‍ക്കളത്തെ വീട്ടിലേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
1942 സെപ്റ്റംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു. മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മിറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു.
ഭാര്യ : ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), മക്കള്‍: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍( എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) മരുമക്കള്‍ : എ.പി.അബ്ദുല്‍ഖാദര്‍(പൊമോന എക്‌സ്‌പോര്‍ട്ടേഴ്‌സ്,മുംബൈ), അഡ്വ. അബ്ദുല്‍മജീദ്(ദുബായ്).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല