സ്വന്തം ലേഖകൻ: ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും 140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18-കാരന് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രഗ്നാനന്ദ മടങ്ങുന്നത്.
വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഫിഡെയുടെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായതോടെ 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക. കിരീടം നേടിയ കാള്സന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളര്‍) ലഭിക്കും.
വമ്പന്‍താരങ്ങളെ അട്ടിമറിച്ചെത്തിയ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ 1.5-0.5 എന്ന സ്കോറിനാണ് കാള്സന് മറികടന്നത്. ടൈ ബ്രേക്കറിലെ ആദ്യ ഗെയിം കാള്സന് ജയിച്ചപ്പോള്‍ രണ്ടാം ഗെയിം സമനിലയിലാകുകയായിരുന്നു. നേരത്തേ ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു.
വിശ്വനാഥന് ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട് (2000, 2002). 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ.
ക്വര്‍ട്ടർ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖവും ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്ക്കുന്ന അമ്മ നാഗലക്ഷ്മിയുമുണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലായത്. ആ നോട്ടത്തിൽ ഒരു ലോകം മുഴുവൻ ആ അമ്മയിലേക്ക് കീഴടങ്ങുകയായിരുന്നു. തന്റെ മകനെ ഓർത്തു അമ്മയ്ക്കുണ്ടാകുന്ന അഭിമാനത്തിന്റെ എല്ലാ നിർവൃതിയും ആ നോട്ടത്തിൽ ഒളിപ്പിച്ചിട്ടുണ്ട്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന് സന്തോഷക്കണ്ണീര് തുടക്കുന്ന നാഗലക്ഷ്മിയുടെ ചിത്രം.
പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്മിയാണ്. ടിഎൻഎസ്സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ പരിഹാരമായിരുന്നു ചെസ്. പ്രഗ്നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാൻഡ്മാസ്റ്ററാണ്.
2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവര്‍ഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കിയിരുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂര്‍വ റെക്കോഡ് പ്രഗ്നാനന്ദയുടെ പേരിലാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുമ്പോള്‍ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രഗ്നാനന്ദയുടെ പ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല