ലിയോസ് പോൾ: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു പ്രവർത്തിച്ചു വരുന്ന പുരോഗമന സാംസ്‌കാരിക സംഘടനായ ചേതന യുകെ മുൻവർഷങ്ങളിലെന്ന പോലെ ഇക്കൊല്ലവും കേരളപ്പിറവി ദിനാഘോഷം ഗംഭീരമായി നടത്താൻ നിശ്ചയിച്ചു.
മനുഷ്യൻ്റെ ബൗദ്ധികവും സർഗ്ഗാത്മകവുമായ പുരോഗതിക്കും വികാസത്തിനും മാതൃഭാഷ അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുന്ന ചേതന കേരളപ്പിറവി ആഘോഷത്തെ ഭാഷാ ദിനാചരണം എന്ന നിലയിലാണ് കണക്കാക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കുറി കേരളപ്പിറവി ആഘോഷവും ജൂൺ മാസത്തിൽ നടത്താൻ നിശ്ചയിക്കുകയും എന്നാൽ ലോക്ക് ഡൗൺ മൂലം മാറ്റിവെക്കപ്പെട്ട ചേതനയുടെ പതിനൊന്നാം വാർഷികവും കൂടി സംയുക്തമായി ഓൺലൈൻ പ്ലാറ്റ് ഫോമിൽ കൂടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്.
നവംബർ 1 ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ചേതന യുകെ പ്രസിഡൻറ് ശ്രീ സുജു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം കേരളത്തിന്റെ ആദരണീയനായ സാംസ്‌കാരിക നിയമകാര്യ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉത്‌ഘാടനം ചെയ്യും.തുടർന്ന് കേരള കർഷസംഘം സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ ശ്രീ കെ എൻ ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.ചേതനയുടെ പതിനൊന്നാം വാർഷികത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ്റെ വൈസ് പ്രസിഡന്റ് ശ്രീ ഹർസെവ് ബൈൻസും,ചേതനയുടെ സഹോദര സംഘടനയായ സമീക്ഷ യുകെയുടെ പ്രസിഡന്റ് ശ്രീമതി സ്വപ്ന പ്രവീണും സംസാരിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കാലിക പ്രസക്തവും ചിന്തനീയവുമായ നിരവധി വിഷയങ്ങളിൽ നടക്കുന്ന വെബ്ബിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനുമായ ശ്രീ അഭിലാഷ് മോഹൻ, കേരള ഹൈ കോടതിയിലെ അഭിഭാഷകൻ ശ്രീ ഹരീഷ് സുദേവൻ, ആക്ടിവിസ്റ് ശ്രീമതി മൃദുലാദേവി ശശിധരൻ, കവിയും സാംസ്‌കാരിക പ്രവർത്തകനും ഈ വർഷത്തെ മുല്ലനേഴി അവാർഡ് ജേതാവുമായ ശ്രീ പി എൻ ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
പൂർണ്ണമായും നവമാധ്യമങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെടുന്ന കേരളപ്പിറവി ആഘോഷവും വെബ്ബിനാറും നവംബർ 1 ഞായറാഴ്ച മൂന്ന് മണി മുതൽ ചേതനയുടെ ഔദ്യോഗിക ഫേസ്ബുക് പേജായ www.facebook.com/chethanauklive ൽ എല്ലാവർക്കും ലഭ്യമാകും.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ചേതന യുകെ നടത്തുന്ന ഈ പരിപാടിയിൽ മുൻ കാലങ്ങളിൽ എന്ന പോലെ ഇപ്രാവശ്യവും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ നല്ലവരായ നാട്ടുകാരോടും, സുഹൃത്തുക്കളോടും,അഭ്യുദയകാംക്ഷികളോടും ചേതന യുകെ എക്സിക്യൂട്ടീവ് കമ്മിറ്റി സവിനയം അഭ്യർത്ഥിക്കുകയാണ്.
ചേതന UK യുടെ ഫേസ്ബുക് പേജ് www.facebook.com/chethanauklive ഇനിയും ലൈക് ചെയ്യാത്തവർ ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ ലൈക് ചെയ്യണമെന്നും ചേതനയുടെ വരും കാല പരിപാടികൾ ഫോളോ ചെയ്യണമെന്നും സെക്രട്ടറി ശ്രീ ലിയോസ് പോൾ അഭ്യർത്ഥിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല