![](https://www.nrimalayalee.com/wp-content/uploads/2021/08/chevening-scholarships-UK-Online-Application.jpg)
സ്വന്തം ലേഖകൻ: ലോക നേതാക്കന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ചീവിനിങ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേര്‍ന്ന് തിരഞ്ഞെടുക്കും.
അപേക്ഷ നല്‍കുമ്പോള്‍, അപേക്ഷാര്‍ഥി, ഒരു യു.കെ. സര്‍വകലാശാലയില്‍ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ പ്രവേശനം നേടുന്നതിന് യോഗ്യതയുള്ള ഒരു അണ്ടര്‍ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം. പൊതുവേ ബിരുദതലത്തില്‍ യു.കെ.യിലെ അപ്പര്‍ സെക്കന്‍ഡ് ക്ലാസ് 2:1 ഓണേഴ്‌സ് ബിരുദത്തിന് തുല്യമായ പ്രോഗ്രാം ആണ് അപേക്ഷാര്‍ഥി പൂര്‍ത്തിയാക്കിയിരിക്കേണ്ടത്.
കോഴ്‌സിനും യൂണിവേഴ്‌സിറ്റിക്കും അനുസരിച്ച്, ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ (ഏകദേശം 2800 മണിക്കൂര്‍) പ്രവൃത്തിപരിചയം അപേക്ഷാര്‍ഥിക്ക് ഉണ്ടായിരിക്കണം. അര്‍ഹതയുള്ള മൂന്ന് വ്യത്യസ്ത യു.കെ. സര്‍വകലാശാലാ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിരിക്കണം. അവയില്‍ ഒന്നിലേക്ക്, പ്രവേശനത്തിനുള്ള നിരുപാധികമായ ഓഫര്‍, 2022 ജൂലായ് 14നകം ലഭിക്കണം.
അപേക്ഷ https://www.chevening.org/scholarships/ വഴി നവംബര്‍ രണ്ടിന് ജി.എം.ടി. 12.00നകം നല്‍കണം. ഇന്റര്‍വ്യൂ ഷോര്‍ട്ട് ലിസ്റ്റിങ് 2022 ഫെബ്രുവരി പകുതിക്കകം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഏപ്രില്‍വരെ ഇന്റര്‍വ്യൂ. രണ്ട് റഫറന്‍സുകള്‍, വിദ്യാഭ്യാസ രേഖകള്‍ എന്നിവ ഏപ്രില്‍ അവസാനത്തോടെ നല്‍കണം. അന്തിമ പട്ടിക ജൂണ്‍ ആദ്യം പ്രതീക്ഷിക്കാം. 2022 സെപ്റ്റംബര്‍/ഒക്ടോബര്‍ മാസം യു.കെ.യില്‍ പഠനം തുടങ്ങാം.
2022-2023 വര്‍ഷ ചീവിനിങ് സ്‌കോളര്‍ഷിപ്പുകള്‍ക്കാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ.യില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മസ്റ്റേഴ്‌സ് ബിരുദ പ്രോഗ്രാം, പൂര്‍ണ സാമ്പത്തിക സഹായത്തോടെ പഠിക്കാന്‍ അവസരം ലഭിക്കും. അതോടൊപ്പം ലോകത്തെവിടെയുമുള്ള ഭാവിയിലെ നേതാക്കള്‍, സ്വാധീനം ചെലുത്താവുന്നവര്‍, തീരുമാനമെടുക്കേണ്ടവര്‍ എന്നിവരായി രൂപാന്തരപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, അക്കാദമികമായും പ്രൊഫഷണലായും വളരാം. കൂടാതെ വിപുലമായ നെറ്റ് വര്‍ക്കിങ് നടത്താനും യു.കെ. സംസ്‌കാരം മനസ്സിലാക്കാനും അവസരം ലഭിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല