ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.
മേയ് 10നു രാവിലെ 10നു മാലാഖയുടെ വെഞ്ചരിപ്പോടുകൂടി ആരംഭിച്ച ആഘോഷമായി തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദൈവദൂതന്മാരില്‍ പ്രധാനിയും കാവല്‍ക്കാരനുമായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ മധ്യസ്ഥതയാല്‍ ഏതു അസാധ്യകാര്യവും സാധിച്ചുകിട്ടുമെന്നും മാലാഖവഴി ദൈവത്തില്‍നിന്നു ലഭിച്ചു അനുഗ്രങ്ങള്‍ക്കു നന്ദി പറയണമെന്നും പൈശാചിക ശക്തിയില്‍നിന്നു രക്ഷനേടുവാന്‍ മാലാഖയോടു നിരന്തരമായി പ്രാര്‍ഥിക്കണമെന്നും കുര്‍ബാനമധ്യേ നടത്തിയ സന്ദേശത്തില്‍ ഫാ. തോമസ് മുളവനാല്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
ദര്‍ശനസമൂഹത്തിലെ അംഗങ്ങള്‍ അംശവസ്ത്രങ്ങള്‍ ധരിച്ച് വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ഥനയിലും പങ്കെടുത്തു. തുടര്‍ന്നു മാലാഖയുടെ നൊവേന, തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ നടന്നു.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയതു നീണ്ടൂര്‍ ഇടവകാംഗങ്ങളാണ്. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായക സംഘം, സിസ്‌റേറഴ്‌സ് എന്നിവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്കു സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല