സ്വന്തം ലേഖകന്‍: ലോകമാകെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ ശക്തമാകുന്നതിനിടെ ആക്രമണത്തിന് പുത്തന്‍ രീതികളുമായി വരികയാണ് തീവ്രവാദ ബുദ്ധികേന്ദ്രങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടിയ കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരത്തില്‍ ചാവേറുകളാകാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മിറര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടി ചാവേറുകളാക്കാന്‍ ഉദേശിക്കുന്ന കോഴികളെയും മറ്റും എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനമുപയോഗിച്ച് സ്‌ഫോടനം നടത്തുകയാണ് ചെയ്യുക.
അതിനിടെ, നാളുകള്‍ നീണ്ട പോരാട്ടത്തെ തുടര്‍ന്ന് ഐഎസ് ഭീകരരുടെ ആയുധ ശേഖരത്തില്‍ കാര്യമായ കുറവു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, ഐഎസ് ഭീകരര്‍ സ്വന്തം നിലയക്ക് ബോംബുകളുണ്ടാക്കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സുരക്ഷയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ കോഴി ചാവേറുകളെ ഭീകരര്‍ വ്യാപകമായി ഉപയോഗിച്ചേക്കാം എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല