സ്വന്തം ലേഖകന്‍: ‘അവള്‍ എന്റെ പ്രിയ കൂട്ടുകാരി, എന്റെ ആദ്യത്തെ പ്രണയിനി, പിന്നെ…’ ബംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെ മുന്‍ ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ ചിദാനന്ദ രാജ്ഘട്ട ഓര്‍മിക്കുന്നു . തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്ഥിരം വിമര്‍ശകയും അതിനെതിരായ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയും ആയിരുന്ന ഗൗരി ലങ്കേഷിനെ ആക്രമികള്‍ ബുധനാഴ്ച രാത്രിയാണ് സ്വവസതിക്കു മുന്നില്‍ വെടിവച്ചു വീഴ്ത്തിയത്.
ഗൗരിയുടെ കൊലയ്ക്കു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലും വിവിധ നഗരങ്ങളിലും കൊലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ചിദാനന്ദയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്. ഓര്‍മക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
‘ഗൗരി ലങ്കേഷിന്റെ മരണശേഷം അവള്‍ക്കായി ചൊരിയുന്ന അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവും, മരണാനന്തരജീവിതവും, സ്വര്‍ഗവുമെല്ലാം വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ പൊട്ടിച്ചിരിക്കുമായിരുന്നു. അല്ല പൊട്ടിച്ചിരിച്ചില്ലെങ്കില്‍ കൂടി അടക്കിപ്പിടിച്ചെങ്കിലും ചിരിക്കുമായിരുന്നു. കാരണം കൗമാരകാലത്തു തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു സ്വര്‍ഗവും നരകവും മരണാനന്തര ജീവിതവുമൊക്കെ വെറും അസംബന്ധമാണെന്ന്. ആവശ്യത്തിന് സ്വര്‍ഗവും നരകവുമെല്ലാം ഭൂമിയില്‍ തന്നെയുണ്ട്. അതുകൊണ്ട് ദൈവത്തിനെ വെറുതെ വിടുക. മറ്റു പലരും ചെയ്യുന്നതുപോലെ അഭ്യര്‍ത്ഥനകളുമായി ദൈവത്തിനെ സമീപിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് ഞങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നു. കുടുംബത്തിലേത് ഉള്‍പ്പെടെ. അവരുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും യൗവനകാലത്തെ ഞങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എപ്പോളും ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇത് പില്‍ക്കാലത്ത് ഞങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. അതുകൊണ്ടാണ് അഞ്ചു വര്‍ഷത്തെ പ്രണയകാലത്തിനും അഞ്ചുവര്‍ഷത്തെ വിവാഹജീവിതത്തിനും ശേഷം 27 വര്‍ഷം മുമ്പ് ഞങ്ങള്‍ വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി നല്ല സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും സാധിച്ചത്. ഞങ്ങളുടെ ഉടമ്പടി പ്രകാരം ആരെയും വേദനിപ്പിക്കരുത് പരസ്പരം പോലും. ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ നാഷണല്‍ കോളജിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍. എച്ച് നരസിംഹ, അബ്രഹാം കോവൂര്‍ തുടങ്ങിയവരായിരുന്നു യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍. സ്ത്രീകളും പുരുഷന്മാരുമായ ആള്‍ദൈവങ്ങളെയും കപടസന്യാസിമാരെയും പൊള്ളത്തരങ്ങളെയും അന്ധവിശ്വസങ്ങളെയുമെല്ലാം ചോദ്യം ചെയ്യുന്നതില്‍ കൗമാരം മുതല്‍ക്കെ ഞങ്ങള്‍ രസം കണ്ടെത്തിയിരുന്നു.
ഇവയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മറ്റൊരവസരത്തിലാകാം. പക്ഷെ ഇക്കാര്യം ഇവിടെ പറഞ്ഞത് ഇതിന് കൊലപാതകവുമായുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ്. യുക്തിവാദികളും ആജ്ഞേയവാദികളും മതഭ്രന്തന്മാരാല്‍ ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും കഞ്ചാവിന് അടിമപ്പെടും മുമ്പേ (ആലങ്കാരികമായി പറഞ്ഞതാണ്) ഞങ്ങള്‍ ഒരുമിച്ചു വായിച്ച ആദ്യത്തെ പുസ്തകങ്ങളിലൊന്ന് വില്‍ ഡൂറാന്റിന്റെ സ്റ്റോറി ഓഫ് ഫിലോസഫി ആയിരുന്നു. ആ സമയത്ത് ഞങ്ങള്‍ രണ്ടുപേരും മാതൃഭാഷയായ കന്നഡയില്‍ പ്രാവീണ്യമുള്ളവര്‍ ആയിരുന്നില്ല. അതുകൊണ്ടു വുഡ്ഹൗസ്, ഗ്രഹാം ഗ്രീന്‍ അങ്ങനെ പ്രീമിയര്‍ ബുക്ക് ഷോപ്പിലെ മിസ്റ്റര്‍ ഷാന്‍ബാഗ് ഞങ്ങള്‍ക്കു തന്നിരുന്ന പുസ്‌കതങ്ങള്‍ക്കു പകരമായി, കുറ്റബോധത്തോടെ കന്നഡയിലെ വിപുലമായ സാഹിത്യശേഖരത്തെ ഞങ്ങള്‍ ഒഴിവാക്കി. 20 ശതമാനം വിലക്കിഴിവ് ഞങ്ങള്‍ക്കു ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചത് പതിനഞ്ചു ശതമാനമായിരുന്നു. അത്ര പെട്ടന്നല്ലെങ്കിലും അവള്‍ കന്നഡയിലേക്ക് തിരികെയെത്തി.’
ഇരുവരുടെയും സംഗീത അഭിരുചികളെ കുറിച്ചും ചിദാനന്ദ് ഓര്‍മക്കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. ടെറി ജാക്ക്‌സിന്റെ ലവ് ദ എ ബി സിയും സാക്കറിന്റെ സീസണ്‍സ് ഇന്‍ ദ സണും ഡൈലാനെയും ബീറ്റില്‍സിനെയും ആസ്വദിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. ഇന്ത്യന്‍ സംഗീതത്തിലേക്ക് ഞാന്‍ തിരികെയെത്തിയത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. എറിക് സെഗാളിന്റെ ലവ് സ്‌റ്റോറി വായിച്ച് ഞങ്ങള്‍ ചിരിച്ചു. ഞങ്ങളുടെ ആദ്യകാല പ്രണയദിനങ്ങളില്‍ ഗാന്ധി സിനിമ കാണുകയും അബ്ബ, സാറ്റര്‍ഡേ നൈറ്റ് ഫീവര്‍ തുടങ്ങിയവയുടെ സംഗീതം ആസ്വദിക്കുകയും ചെയ്തിരുന്നു. കാള്‍ സാഗനെ വായിച്ച ശേഷം ചന്ദ്രനില്ലാത്ത രാത്രികളില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കാണാന്‍ ഞങ്ങള്‍ പോയിരുന്നു. കോളേജ് കാലത്ത് ഞാന്‍ പുകവലിച്ചിരുന്നു. അത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ആ ശീലം ഉപേക്ഷിച്ചു. എന്നാല്‍ അപ്പോളേക്കും അവള്‍ പുകവലി ആരംഭിച്ചിരുന്നു. ഒരിക്കല്‍ അവളെന്നെ അമേരിക്കയില്‍ സന്ദര്‍ശിക്കാനെത്തി. (ഭ്രാന്തമായ ഒരു കാര്യമാണല്ലേ, മുന്‍ ഭാര്യ എന്നെ സന്ദര്‍ശിച്ചു എന്നത്? പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മുന്‍ഭാര്യയെക്കാള്‍ നല്ലൊരു സുഹൃത്തായിരുന്നു അവള്‍). അപാര്‍ട്‌മെന്റിനുള്ളില്‍ വച്ച് പുകവലിക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞു. കാര്‍പറ്റ് വിരിച്ചിരിക്കുന്നതിനാല്‍ പുകയുടെ ദുര്‍ഗന്ധം പുറത്തുപോകാത്തു കൊണ്ടാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്. തണുപ്പുകാലമായിരുന്നു അത്.
‘ഞാന്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?’
‘പുകവലിച്ചേ തീരൂ എന്നുണ്ടെങ്കില്‍ റൂഫ് ടോപ്പില്‍ പോയി അവിടിരുന്ന് വലിച്ചോളൂ’
‘പക്ഷെ നല്ല തണുപ്പാണ്. മഞ്ഞുവീഴ്ചയുമുണ്ട്’
‘പുറംകുപ്പായം?’
‘നീ കാരണമാണ് ഞാന്‍ പുകവലിക്കാന്‍ തുടങ്ങിയത്’
‘ഓ ക്ഷമിക്കൂ പ്രായമായ പെണ്‍കുട്ടി, ഞാന്‍ നിന്നോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ്.’
‘ഓ ശരി, നീ ശരിക്കും അമേരിക്കക്കാരനായി കഴിഞ്ഞിരിക്കുന്നു’
‘അമേരിക്കക്കാര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകരമായ ശീലം മാത്രമാണ്.’
‘ഞാന്‍ നിന്നെക്കാള്‍ കൂടുതല്‍ കാലം ജീവിക്കും’
പക്ഷെ അവള്‍ കളവു പറയുകയായിരുന്നു. പല സുഹൃത്തുക്കളും ഞങ്ങളുടെ സൗഹൃദം കണ്ട് അന്ധാളിക്കാറുണ്ടായിരുന്നു. ഇന്ത്യയിലും മറ്റിടങ്ങളിലും സാധാരണയായി വേര്‍പിരിയലുകളും വിവാഹമോചനങ്ങളും വളരെ കയ്‌പ്പേറിയവയാണ്. ഞങ്ങള്‍ക്കും അത്തരത്തിലുള്ള നിമിഷങ്ങളുണ്ടായിരുന്നു. പക്ഷെ ഉന്നതമായ ആദര്‍ശത്തോടെ അതിവേഗം ഞങ്ങള്‍ അവയെ മറികടന്നു. കോടതിയിലായിരുന്ന ദിവസം അടുത്തടുത്തായാണ് ഞങ്ങള്‍ നിന്നത്. ഞങ്ങളുടെ കൈകള്‍ പരസ്പരം തൊടുകയും വിരലുകള്‍ പിണഞ്ഞുമിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടേതായ വഴിയില്‍ പോകണമെങ്കില്‍ പിരിയുകയാണ് നല്ലത് അഭിഭാഷകന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. നടപടികള്‍ കഴിഞ്ഞതോടെ എം ജി റോഡിലെ താജ് ഡൗണില്‍ പോയി ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. സതേണ്‍ കംഫോര്‍ട്ട് എന്നായിരുന്നു റെസ്റ്റോറന്റിന്റെ പേര്. ഞങ്ങള്‍ ചിരിച്ചുകൊണ്ട് വിട പറഞ്ഞു. ഞാന്‍ ആദ്യം ഡെല്‍ഹിക്കു പോയി. തുടര്‍ന്ന് മുംബെയിലേക്കും പിന്നീട് വാഷിങ്ടണ്‍ ഡി സിയിലേക്കും പോയി.
ഓരോയിടത്തും അവള്‍ എന്നെ സന്ദര്‍ശിക്കാനെത്തിയിരുന്നു. നിഷേധിയുടെ സ്വഭാവമായിരുന്നു അവള്‍ക്കെങ്കിലും എന്റെ മാതാപിതാക്കള്‍ക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. പാരമ്പര്യവാദികളും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരുമായ ഇന്ത്യന്‍ രക്ഷാകര്‍ത്താക്കള്‍ അവളുമായുള്ള ബന്ധം തുടര്‍ന്നു. അവള്‍ തിരിച്ചും. ഞങ്ങള്‍ ഇരുവരും വഴി പിരിഞ്ഞിട്ടും അവര്‍ ആ ബന്ധം തുടര്‍ന്നു. ഓര്‍മക്കുറിപ്പില്‍ ചിദാനന്ദ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിദാനന്ദിന്റെ അമ്മ മരിക്കുന്നത് ആ സമയത്ത് ഗൗരി അവിടെയെത്തിയതിനെ കുറിച്ചും വിവാഹമോചിതരായതിനു ശേഷവും ഗൗരിയുടെ പിതാവ് ലങ്കേഷിനെ സന്ദര്‍ശിച്ചിരുന്ന കാര്യവും ചിദാനന്ദ് ഓര്‍മിക്കുന്നു.’ഇടതുപക്ഷ സഹയാത്രിക, ഉത്പതിഷ്ണു, ഹിന്ദുത്വ വിരോധി അങ്ങനെ മറ്റെല്ലാ വിശേഷണങ്ങളും മറന്നേക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഇത്രമാത്രമാണ്, എന്റെ സുഹൃത്ത്, എന്റെ ആദ്യ പ്രണയം, വിസ്മയ തേജസ്സിന്റെ ആള്‍രൂപമായിരുന്നു അവള്‍,’ എന്നും പറഞ്ഞാണ് ഗൗരിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പ് അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല