മലയാളികളടക്കം എണ്ണൂറോളം ആളുകള്‍ പങ്കെടുത്ത ഞായറാഴ്ച കുര്‍ബാന വേളയില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്ഗ്ലണ്ടിലെ നോര്‌ഫോല്ക്കിലെ നോര്‍വിച്ച് കത്തീഡ്രലില്‍ ആണ് ഏറെ ആശങ്ക ജനിപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇക്കഴിഞ്ഞ ആഴ്ച ഞായറാഴ്ച കുര്‍ബാന അവസാനിക്കാറായപ്പോഴാണ് പള്ളിയുടെ പിന്‍ വശത്ത് അമ്മയോടും കൂട്ടുകാര്‍ക്കും ഒപ്പം നിന്നിരുന്ന കുട്ടിയെ ഒരു മധ്യവയസ്‌കന്‍ കൈക്ക് കടന്നു പിടിച്ചു കൊണ്ട് ഓടി രക്ഷപെടാന്‍ തുടങ്ങിയത്.കുട്ടി ഒച്ചവച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അമ്മയെ തട്ടി മാറ്റി ബാലികയെയും കൊണ്ട് രക്ഷപെടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും തക്ക സമയത്ത് തന്നെ ഇടപെട്ട വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ ശ്രമ ഫലമായി അക്രമിയെ കീഴ്‌പെടുത്തുകയാണുണ്ടായത്.തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി.
തനിക്കു കൊച്ചു പെണ്‍കുട്ടികളോട് അതിയായ വാത്സല്യമാണെന്നും അവരുമോത്തുള്ള ഫോട്ടോകള്‍ എടുത്തു സൂക്ഷിക്കുന്നത് ഒരു ഹരമാണെന്നും ചോദ്യം ചെയപ്പെട്ടപ്പോള്‍ ഇയാള്‍ പറഞ്ഞു . താന്‍ കടന്നു പിടിച്ച കൊച്ചു പെണ്‍കുട്ടിയോടൊപ്പം ഉള്ള തന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുവാനുമാണ് കുട്ടിയെ ഒപ്പം കൊണ്ടുപോകാന്‍ തുനിഞ്ഞത് എന്നും ഇയാള്‍ പറഞ്ഞു .കടന്നുപിടിച്ച കുട്ടിക്ക് തൊട്ടു സമീപം മലയാളി കുട്ടികള്‍ അടക്കം പത്തോളം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.ഇയാളുടെ സമീപത്ത് ഏറ്റവും ആദ്യം എത്തിയ കുട്ടിയെ ആണ് കടത്തിക്കൊണ്ടുപോകാന്‍ ഒരുങ്ങിയത്.തങ്ങളുടെ കുട്ടികളില്‍ ആരെങ്കിലും ഒരാളാണ് ആദ്യം ഉണ്ടായിരുന്നതെങ്കില്‍ അവരെയാവും ഇയാള്‍ പിടിച്ചുകൊണ്ടു പോകാന്‍ ഇടയാകുമായിരുന്നതെന്ന ആശങ്ക പല മലയാളി മാതാപിതാക്കളും പരസ്യമായി പ്രകടിപ്പിച്ചു.അത്തരം ഒരവസ്ഥ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ കൈകാര്യം ചെയേണ്ടി വന്നേനെ എന്നോര്‍ക്കുമ്പോള്‍ പലര്‍ക്കും ഇപ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട അവസ്ഥയാണ്. ഇതിനു മുന്‍പും പല തവണ കുട്ടികള്‍ പള്ളിയുടെ പുറകില്‍ കളിച്ചു നില്ക്കുന്നത് നീരിക്ഷിച്ച ശേഷമാവും ഇത്തരം ഒരു തട്ടിക്കൊണ്ടുപോകല്‍ നടത്താന്‍ ഇനിയും പോലിസ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി തുനിഞ്ഞത് എന്ന് പലരും കരുതുന്നു.
കുട്ടികളുടെ അശ്ലീല ചിത്രം എടുക്കുകയും അവരെ ലൈംഗികമായി
ദുരുപയോഗവും ചെയുന്ന അതീവ ഗുരുതരമായ കുറ്റവാസനയോ അതല്ലെങ്കില്‍ മാനസിക വൈകല്യമോ ഉള്ള ആളാണ് തട്ടിക്കൊണ്ടുപോകല്‍ നടത്താന്‍ തുനിഞ്ഞത് എന്നാണ്സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പള്ളി അധികൃതര്‍ പിന്നീട് ഇറക്കിയ വിശദീകരണ കുറിപ്പില്‍ ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി അറിയിച്ചു. പള്ളിയിലെത്തുന്ന എല്ലാ വിഭാഗം ആളുകളുടെയും സുരക്ഷ അതീവ ഗൌരവത്തോടെ യാണ് തങ്ങള്‍ കാണുന്നത് എന്നും അതിനാല്‍ ഇത്തരം ഭീതിജനകമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്കും എന്നും പള്ളി അധികാരികള്‍ പറഞ്ഞു.എന്നാലും കുട്ടികളുമായി പള്ളിയില്‍ വരുന്ന മാതാപിതാക്കളും കൂടുതല്‍ ശ്രദ്ധ കുട്ടികളില്‍ നല്‍കി തങ്ങളോടു സഹകരിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.ഏതാണ്ട് നൂറിലധികം മലയാളികള്‍ സ്ഥിരമായി വരുന്ന പള്ളിയാണിത്.കുട്ടികളെ മുതിര്‍ന്ന ആരുടെയെങ്കിലും മേല്‌നോട്ടമില്ലാതെ ഒറ്റയ്ക്ക് കളിക്കാന്‍ വിടരുതെന്നും പ്രത്യേക നിര്‍ദ്ധേശവും അധികൃതര്‍ നല്‍കി.
ഇന്റ്‌റെര്‍നെറ്റിലും അല്ലാതെയും കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ക്രിമിനലുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് യു കെയിലുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇവരില്‍ പലരും രാജ്യത്തിന് വെളിയിലുള്ള പല അശ്ലീല വെബ് സൈറ്റുകളുമായി യോജിച്ചാണ് കുട്ടികളുടെ നന്ഗത പ്രദര്ശിപ്പിക്കുകയും ആസ്വദിക്കുകയും ചെയുന്നത്.ഈ അടുത്ത ഇടയ്ക്കു ഫിലിപ്പിന്‍സിലെ പാവപ്പെട്ട കൊച്ചു പെണ്‍കുട്ടികളെ ചൂഷണം ചെയ്തു നീലച്ചിത്ര നിര്‍മ്മാണവും ഓണ്‍ലൈന്‍ പോണ്‍ ഷോയും നടത്തി വന്ന വലിയ ഒരു അന്താരാഷ്ട്ര സംഘത്തെ അമേരിക്കന്‍ പോലീസും യു കെ പോലീസും സംയുക്തമായി സൈബര്‍ സെല്ലിന്റ്‌റെ സഹായത്തോടെ കുരുക്കിയ വാര്‍ത്ത പുറത്തു വന്നിരുന്നു.ലണ്ടനില്‍ നിന്നുമാണ് ഈ സെക്‌സ് റാക്കറ്റിലെ പ്രധാനികള്‍ ഇന്റര്‍നെറ്റ് വഴി ഫിലിപ്പിന്‍സിലെ ഇരകളെയും ദല്ലാളുകളെയും നിയന്ത്രിച്ചു കൊണ്ടിരുന്നത് എന്നത് ഈ മാഫിയാ സംഘത്തിന്റ്‌റെ പ്രവര്‍ത്തന ബാഹുല്യം വെളിവാക്കുന്നു.
ലോകത്തിന്റ്‌റെ പല ഭാഗങ്ങളിലും ഇത്തരം സെക്‌സ് മാഫിയകള്‍ ഇപ്പോള്‍ നിലവിലുണ്ട്. പോര്‍ച്ചുഗലില്‍ മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ മാഡലിന്‍ എന്ന നാല് വയസ്സു കാരിയെ 2007 മെയ് 12 നു കാണാതായതിന്റെ തിരച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്. ഒരു ഇടുങ്ങിയ മുറിയിലെ കൊച്ചു ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ നഗ്‌നത ഇന്റര്‍ നെറ്റ് വഴി ലോകം മുഴുവനും നിമിഷങ്ങള്‍ക്കകം വിറ്റ് കാശാക്കുന്ന വലിയ സെക്‌സ് റാക്കറ്റുകള്‍ കോടികളാണ് സമ്പാദിക്കുന്നത്. നമ്മളറിയാതെ തന്നെ നമ്മുടെ ഇടയില്‍ കഴിയുന്ന ആ കഴുകന്മാരുടെ കണ്ണുകള്‍ എപ്പോഴാണ് നമ്മുടെ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുടെ മേല്‍ ആര്‍ത്തിയോടെ പതിയുന്നത് എന്നറിയാന്‍ നമുക്കാവില്ല .അതിനാല്‍ എപ്പോഴും എവിടെയും നാം ജാഗരൂകരായിരിക്കണം. ഏറ്റവും സുരക്ഷിതം എന്ന് നാം കരുതുന്ന ആരാധാനാലയങ്ങളില്‍ പോലും ..അതാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന പാഠം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല