അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീട്ടുവളപ്പിലെ തെങ്ങിന്‍കുഴിയില്‍ ഉപേക്ഷിച്ചു കടന്നു.
നെടുമങ്ങാട് ചന്തവിള ഈശ്വരിഭവനില്‍ കൃഷ്ണകുമാര്‍-ഗീത ദമ്പതികളുടെ ഏക മകള്‍ ഗൌരികൃഷ്ണയെന്ന അമ്മുവിനെയാണ് മോഷ്ടാക്കള്‍ നിഷ്കരുണം തെങ്ങുംകുഴിയില്‍ തള്ളിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പരിസരവാസിയായ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.
മാലയും അരഞ്ഞാണവും കൊലുസുമടക്കം രണ്ടു പവന്‍ മോഷ്ടിച്ചു. വള ഊരാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതോടെ കുട്ടിയെയും എടുത്ത് ഓടിയ മോഷ്ടാക്കള്‍ വള ഊരിയെടുത്ത് കുട്ടിയെ തെങ്ങിന്‍കുഴിയില്‍ ഇട്ടശേഷം ഓടി.
കരച്ചില്‍ കേട്ട് വീട്ടുകാര്‍ പെട്ടെന്ന് ഉണര്‍ന്നെണീറ്റ് തെരച്ചില്‍ നടത്തിയതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി.
വീട്ടില്‍ നിന്നും 20 മീറ്ററോളം മാറിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഗീതയുടെ മൊബൈല്‍ ഫോണും പേഴ്സും കവര്‍ന്നെങ്കിലും മൊബൈല്‍ ഫോണ്‍ പിന്നീട് ഒരു കിലോമീറ്റര്‍ മാറി പറണ്ടോട് എന്ന സ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തി.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീടിന്റെ പൂട്ടു തകര്‍ക്കാന്‍ ഉപയോഗിച്ച പ്ളെയര്‍, സ്ക്രൂഡ്രൈവര്‍ മുതലായവയും മോഷ്ടാവിന്റേതെന്നു കരുതുന്ന ചെരുപ്പും വീടിനു പിറകിലെ മതിലിന്റെ മുകളില്‍ നിന്ന് കണ്ടെടുത്തു. റൂറല്‍ എസ്.പി കെ. അക്ബര്‍, ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, നെടുമങ്ങാട് സി.ഐ ആര്‍. വിജയന്‍, എസ്.ഐ ബിനുകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പു നടത്തി.
വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ്സ്ക്വാഡിന്റെയും സഹായവും തേടി. മൊബൈല്‍ഫോണ്‍ കണ്ടെത്തിയ പറണ്ടോട്വരെ പൊലീസ്നായ മണത്തു നടന്നു. ശാസ്ത്രീയ പരിശോധനകള്‍ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല