1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 709 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ കര്‍ശന നിയമങ്ങളും നടപടികളുമുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പോയ വര്‍ഷം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട വര്‍ഷമായിരുന്നു. ഇതിലധികവും ബലാത്സംഗ കേസുകളാണ്.

2013 ല്‍ 637 ലൈംഗീക പീഡനങ്ങള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് 2014 ല്‍, 709 കേസുകളാണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ മാത്രം കണക്കാണിതെന്നിരിക്കെ യഥാര്‍ഥ കണക്ക് ഇതിലുമെത്രയോ അധികം വരുമെന്നാണ് വിലയിരുത്തല്‍.

കുട്ടികള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യമായ വര്‍ധന. 2008 ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് 549 കേസുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് 2014 ആകുമ്പോഴേക്കും അത് 2286 കേസികളായി വര്‍ദ്ധിച്ചു.

രാജ്യത്ത് ബലാത്സംഗം കേസുകള്‍ കെട്ടികിടക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് നാലാം സ്ഥാനമുണ്ട്. കേരളത്തില്‍ വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണം 2012 ല്‍ 5,032 ആണ്. അഞ്ച് ശതമാനത്തില്‍ താഴെ ബലാത്സംഗ കേസുകളുടെ വിചാരണ മാത്രമേ സംസ്ഥാനത്ത് നേരായ രീതിയില്‍ നടക്കുന്നുള്ളു.

രാജ്യത്ത് 15 ശതമാനം ബലാത്സംഗ കേസുകളില്‍ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലില്‍ ഇത് വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. 5281 കേസുകളാണ് 2012 ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയതത്. 5032 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 249 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ശിക്ഷ ലഭിച്ചത് 57 പേര്‍ക്ക് മാത്രം.

192 പേരെയാണ് വിവിധ കാരണങ്ങളാല്‍ വെറുതെ വിട്ടത്. ഒഴിവാക്കാന്‍ വയ്യാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ കേസ് മാറ്റിവെക്കാന്‍ പാടുള്ളുവെന്ന് നിയമം കര്‍ശനമായി നിര്‍ദ്ദേശിക്കുമ്പോഴാണ് ഈ അവസ്ഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.