ലണ്ടന്‍; രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തിയ 39കാരന് നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യാവകാശ നിയമത്തിന്റെ സഹായം തേടുന്നു. ജയിലില്‍ അടയ്ക്കപ്പെടുന്നതിനു മുമ്പും ശേഷവും ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായി എന്നതാണ് ഇയാളുടെ വാദം. കോംഗോളിയന്‍ വംശജനായ വില്യം ഡാംഗയാണ് പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ബ്രിട്ടനില്‍ തന്നെ ജീവിക്കാന്‍ ശ്രമിക്കുന്നത്.
പത്ത് വര്‍ഷം മുമ്പ് ഇയാള്‍ മാനഭംഗം ചെയ്ത ഒരു പെണ്‍കുട്ടിക്ക് നാലു വയസ്സും ഒരാള്‍ക്ക് രണ്ടു വയസ്സുമായിരുന്നു ഉണ്ടായിരുന്നത്. യഹോവ സാക്ഷി വിഭാഗത്തിന്റെ സുവിശേഷകനായി ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ നാലു വയസ്സുകാരിയെ മാനഭംഗം ചെയ്തത്.
പത്തു വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം ഇയാളെ ലണ്ടനില്‍ നിന്ന് സ്വദേശത്തേക്ക് മടക്കിയയക്കാനായിരുന്നു കോടതി വിധി. എന്നാല്‍ ഇയാളുടെ പാസ്പോര്‍ട്ട് നഷ്ടമായതോടെ അധികൃതരുടെ ഇതിനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. പിന്നീട് അഭയാര്‍ത്ഥി ജാമ്യത്തില്‍ ഇയാള്‍ ജയില്‍ മോചിതനായെങ്കിലും തനിക്ക് യുവതിയായ ഒരു ഗേള്‍ഫ്രണ്ടില്‍ കുട്ടിയുണ്ടെന്നും കുടുംബ ജീവിതത്തിന് അവകാശമുണ്ടെന്നും കാണിച്ച് ലണ്ടനില്‍ തുടരാനുള്ള അനുമതിക്കായി ഇയാള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അപകടകാരികളായ വിദേശ ക്രിമിനലുകള്‍ യൂറോപ്യന്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ബ്രിട്ടനില്‍ തന്നെ ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ കേസ്.
കോടതി സ്വകാര്യ ജീവിതത്തിന് അനുമതി നല്‍കിയതോടെ നൈജീരിയക്കാരനായ മാനഭംഗക്കേസ് പ്രതി രണ്ട് മാസം മുമ്പ് ബ്രിട്ടനില്‍ തുടരാനുള്ള അനുമതി നേടിയിരുന്നു. കുടുംബ ജീവിതത്തിന് അവകാശം നല്കുന്ന മനുഷ്യാവകാശ നിയമത്തിന്റെ എട്ടാം ആര്‍ട്ടിക്കിള്‍ ആണ് അകിന്ഡോയിന് അകിന്ഷിപ് എന്ന ഇയാള്‍ക്ക് തുണയായത്. കഴിഞ്ഞ ദിവസം ഡാംഗയുടെ മറ്റ് മാനഭംഗക്കേസുകള്‍ കൂടി പരിഗണിച്ച കോടതി പതിനഞ്ചു വര്‍ഷത്തേക്ക് കൂടി ഇയാളെ തടവിന് വിധിച്ചിട്ടുണ്ട്. 2000ല്‍ ഇയാള്‍ പീഡിപ്പിച്ച പതിനാലുകാരിയുടെ കേസിലാണ് ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല