സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ സൈന്യത്തില്‍ നിന്ന് കുട്ടിപ്പട്ടാളക്കാരെ മോചിപ്പിക്കല്‍ തകൃതി, 53 കുട്ടിപ്പോരാളികളെ രക്ഷപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിപ്പട്ടാളക്കാരെ മോചിപ്പിക്കുന്നത്. സൈനികാവശ്യത്തിനായി റിക്രൂട്ട് ചെയ്തവരെയാണ് മോചിപ്പിച്ചതെന്ന് യുഎന്‍ സൈനിക വക്താവ് അറിയിച്ചു.
2012 ല്‍ മ്യാന്മാര്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മ്യാന്‍മര്‍ സൈന്യത്തില്‍നിന്ന് കുട്ടിപ്പട്ടാളക്കാരെ ഒഴിവാക്കുന്നത്. കരാര്‍ പ്രകാരം ഇതുവരെ 699 കുട്ടിപ്പട്ടാളക്കാര്‍ മോചിപ്പിക്കപ്പെട്ടതായി യുനിസെഫ് അറിയിച്ചു.
സൈന്യത്തിനുപുറമേ രാജ്യത്തെ ഏഴ് സായുധ സംഘങ്ങളും വ്യാപകമായ തോതില്‍ കുട്ടികളെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. പട്ടിണിയും ഭീഷണിയുമാണ് രാജ്യത്തിന്റെ ദരിദ്ര മേഖലകളില്‍ നിന്നുള്ള കുട്ടികളെ സൈന്യത്തിലെത്തിക്കുന്നത്. ഇത്തരം സംഘങ്ങളില്‍ കുടുങ്ങിയ കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യു.എന്‍. അധികൃതര്‍ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ള സൈന്യമാണ് മ്യാന്മറിന്റേത്. ഇവരില്‍ മിക്കവരും കൗമാരം കഴിയും മുന്നെ രോഗം വന്നോ ആക്രമണത്തിലോ കൊല്ലപ്പെടുകയാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല