1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

ബ്രിട്ടനിലെ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് വയസ്സുളളപ്പോള്‍ കുട്ടികള്‍ കഞ്ചാവും എസ്റ്റസിയും ഉപയോഗിക്കാന്‍ തുടങ്ങുന്നതായും ഒന്‍പത് വയസ്സുളളപ്പോള്‍ മാരകമായ കൊക്കെയ്ന്‍ പോലുളള മയക്കുമരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങുതായുമുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് ഇവരെ നിയന്ത്രിക്കാനാകാത്തതാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം. ഗവണ്‍മെന്റിന്റെ വാര്‍ഷിക ക്രൈം സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഇത് ആദ്യമായാണ് കഞ്ചാവ്, എസ്റ്റസി, കൊക്കെയ്ന്‍ പോലുളള മയക്കുമരുന്നുകള്‍ക്ക് ഇത്ര ചെറിയ പ്രായത്തിലുളള കുട്ടികള്‍ അടിമകളാകുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ ഒരാളും പതിനാറ് വയസ്സിന് താഴെയുളളപ്പോഴാണ് ആദ്യമായി അത് ഉപയോഗിക്കുന്നതെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരില്‍ ആറ് ശതമാനവും ആദ്യമായി അത് ഉപയോഗിക്കുന്നത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. എസ്റ്റസി ഉപയോഗിക്കുന്നവരില്‍ 8.2 ശതമാനവും പതിനാറ് വയസ്സിന് മുന്‍പാണ് ആദ്യമായി ഇത് ഉപയോഗിച്ചത്. ചാരിറ്റി ഫാമിലി ലൈവ്‌സ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മദ്യത്തിനോടും മയക്കുമരുന്നിനോടുമുളള ഒരു കുട്ടിയുടെ സമീപനത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകം അവയോടുളള കുട്ടികളുടെ മാതാപിതാക്കളുടെ സമീപനമാണന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജെറമി ടോഡ് പറഞ്ഞു. കുട്ടികളുമായി നല്ല ആശയവിനിമയം നടത്തുന്ന മാതാപിതാക്കള്‍ക്ക് കുട്ടികള്‍ വളരെ ചെറുപ്പത്തിലെ ഇത്തരം ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനാകും. ഇത് ഭാവിയില്‍ ഇതിനോടുളള മനോഭാവം മാറാന്‍ കുട്ടികളെ ഏറെ സഹായിക്കുകയും ചെയ്യുമെന്നും ജെറമി ടോഡ് ചൂണ്ടിക്കാട്ടി.

കഞ്ചാവ് പോലുളള ലഹരി മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രായം പതിനാറ് ആണ്. എന്നാല്‍ കൊക്കെയ്ന്‍, എസ്റ്റസി പോലുളള ലഹരി മരുന്നുകളാകട്ടെ കൂടുതലും പതിനെട്ട് വയസ്സുളള കുട്ടികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയ 1996 മുതലുളള കണക്കുകള്‍ പരിശോധിക്കുകയാണങ്കില്‍ മൊത്തത്തില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിക്കുകയാണങ്കില്‍ പതിനാറിനും 59 വയസ്സിനും ഇടയില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 8.9 ശതമാനമായി. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് കഞ്ചാവിന്റെ ഉപയോഗത്തിലാണ്. ഡ്രഗ്‌സ് ഉപയോഗിക്കുന്ന ഹൈസ്‌കൂള്‍ കുട്ടികളുടെ എണ്ണം പന്ത്രണ്ട് ശതമാനമായി കുറയുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.