സ്വന്തം ലേഖകൻ: രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി സ്വീഡിഷ് സര്‍ക്കാര്‍. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും ടെലിവിഷന്‍ കാണുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
രണ്ടുവയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ മാത്രമെ സ്ക്രീന്‍ ടൈം അനുവദിക്കാന്‍ പാടുള്ളൂ. ആറിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി രണ്ടു മണിക്കൂര്‍ മാത്രമെ സ്ക്രീന്‍ ടൈം അനുവദിക്കാവൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. 13നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ സ്ക്രീന്‍ ടൈം രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയായി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
13നും 16നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ കുട്ടികള്‍ സ്കൂള്‍ സമയത്തിന് പുറമെ ശരാശരി ആറര മണിക്കൂര്‍ സമയം ഫോണിനുമുന്നില്‍ ചെലവഴിക്കുന്നുണ്ടെന്ന് സ്വീഡിഷ് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് പറഞ്ഞു. ‘‘കുട്ടികള്‍ കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകളും വളരെയധികം കുറഞ്ഞു. ആവശ്യത്തിന് ഉറങ്ങാതെയിരിക്കുന്ന സാഹചര്യവുമുണ്ട്.
രാജ്യത്തെ 15 വയസ്സ് പ്രായമുള്ള പകുതിയിലധികം കുട്ടികളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും’’ മന്ത്രി ചൂണ്ടിക്കാട്ടി. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്നും രാത്രിയില്‍ അവരുടെ മുറിയില്‍ ഫോണുകളും ടാബ്ലെറ്റും വയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം മാതാപിതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല