1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2024

സ്വന്തം ലേഖകൻ: യുഎസില്‍ കുട്ടികളില്‍ പടര്‍ന്നുപിടിച്ച് സ്ലാപ്പ്ഡ് ചീക്ക് വൈറസ് (അഞ്ചാം പനി). കുട്ടികളെ ബാധിക്കുന്ന ആറ് വൈറൽ സ്കിൻ റാഷുകളിൽ അഞ്ചാമത്തേത് ആയതുകൊണ്ടാണ് ഇതിനെ അഞ്ചാംപനി അഥവാ ഫിഫ്ത് ഡിസീസ് എന്നുവിളിക്കുന്നത്. കവിളുകള്‍ ചുമന്ന് തടുക്കുന്ന രോഗം കുട്ടികളിലും ഗര്‍ഭിണികളിലുമാണ് വ്യാപിക്കുന്നത്. പാര്‍വോ വൈറസ് ബി-19 എന്ന വകഭേദമാണ് പടരുന്നത്.

കേസുകളില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സി.ഡി.സി) ഓഗസ്റ്റ് 17-ന് ആരോഗ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. പാര്‍വോ വൈറസ് ബി-19 ഫിഫ്ത് ഡിസീസ് എന്നും അറിയപ്പെടുന്നു

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമായതുകൊണ്ടുതന്നെ രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ രോഗം പകരാം. വൈറസ് ബാധിതര്‍ക്ക് പ്രാഥമിക പരിചരണം മാത്രമേ ആവശ്യമുള്ളുവെങ്കിലും രോഗപ്രതിരോധശേഷി കുറവായവരെയും ഗര്‍ഭിണികളെയും വൈറസ് സാരമായ ബാധിച്ചേക്കാം.

ലക്ഷണങ്ങള്‍

ചുമ, തലവേദന, പനി, തൊണ്ടവേദന, തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ്, സന്ധി വേദന തുടങ്ങിയവയാണ് വൈറസ് പിടിപെട്ട് ആദ്യ ആഴ്ചകളിലെ ലക്ഷണങ്ങള്‍. രണ്ടാമത്തെ ആഴ്ചയില്‍ മുഖം ചുവന്ന് തടുക്കുകയും പാടുകളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മുഖത്തുണ്ടാക്കുന്ന തടിപ്പുകള്‍ക്കുപുറമേ നെഞ്ചിലും, കാലിലും കൈ പത്തിയിലും മുതുകിലും തടിപ്പുകളുണ്ടാകാം.

പാര്‍വോ വൈറസ് ബി -19 ബാധിതരില്‍ ഉണ്ടാകുന്ന കലശലായ സന്ധി വേദനയും നീര്‍വീക്കവും പോളിയാര്‍തോപ്പതി സിന്‍ഡ്രോം എന്നറിയപ്പെടുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും ഈ രോഗ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും സ്ത്രീകളിലാണ് ഈ രോഗലക്ഷണം കൂടുതൽ പ്രകടമാറുള്ളത്. മുതിര്‍ന്നവരില്‍ മറ്റ് രോഗലക്ഷണങ്ങളില്ലാതെ സന്ധിവേദന മാത്രമായി അനുഭവപ്പെട്ടേക്കാം. ഒന്നു മുതല്‍ മൂന്ന് ആഴ്ചവരെ സന്ധിവേദന നീണ്ടുനില്‍ക്കാം.

ആരോഗ്യമുള്ള മുതിര്‍ന്നവരെയും കുട്ടികളേയും രോഗം മിതമായ രീതിയില്‍ മാത്രമേ ബാധിക്കുകയുളളു. എന്നാല്‍ വൈറസ് ബാധ മറ്റു ചിലരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. രക്തസംബന്ധമായ രോഗങ്ങളോ രോഗപ്രതിരോധശേഷി കുറവുള്ളവരിലോ പാര്‍വോ വൈറസ് ബി-19 പിടിപെട്ടാല്‍ അനീമിയക്ക് കാരണമായേക്കാം.

സാരമായി ബാധിക്കുന്നവര്‍

ലൂക്കീമിയയോ മറ്റ് കാന്‍സര്‍ ബാധിതരോ ആയവര്‍
അവയവമാറ്റത്തിന് വിധേയരായവര്‍
എച്ച്. ഐ. വി. അണുബാധ ഉള്ളവര്‍
അരിവാള്‍ രോഗം പോലുള്ള രക്തസംബന്ധമായ തകരാര്‍ ഉള്ളവര്‍
ഗര്‍ഭാസ്ഥാവസ്ഥയില്‍ രോഗം പിടിപെട്ടാല്‍ കുട്ടിയിലേക്കും രോഗം പകരാനുള്ള സാധ്യത ഏറെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.