സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന. യോഗത്തില്‍ ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പി (എന്‍.എസ്.ജി) ലേക്കുള്ള പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റം വരുന്നിയിട്ടില്ലെന്നും ചൈന പറയുന്നു.
അടുത്ത മാസം ചേരുന്ന 48 അംഗ എന്‍.എസ്.ജി യോഗത്തില്‍ ഇന്ത്യയുടെ പ്രവേശനം വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കേയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്തതിനാല്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇന്ത്യയുടെ പ്രവേശനത്തിന് ചൈനയുടെ പിന്തുണ അനിവാര്യവുമാണ്.
എന്‍.എസ്.ജിയില്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച ചൈനയുടെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേണില്‍ ചേരുന്ന നിര്‍ണായക എന്‍.എസ്.ജി യോഗത്തില്‍ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചുയിംഗ്.
2016 സോള്‍ പ്ലീനറി സമ്മേളനത്തിലെ നിലപാട് തന്നെ പിന്തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യ അപേക്ഷ നല്‍കിയതോടെ ഇതേ ആവശ്യവുമായി പാകിസ്താനും രംഗത്തെത്തിയിരുന്നു. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമടക്കം നിരവധി അംഗങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പുതിയ അംഗം ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കണമെന്ന് ചൈന നിര്‍ബന്ധം പിടിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല