
സ്വന്തം ലേഖകൻ: മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ച് ചൈന. വെറും അഞ്ചു മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ സ്ഥിരം മദ്യപാനിയായ 36കാരനില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ചു. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കിയ ഹാവോ വെയ് പറഞ്ഞു. മുന്‍ യുഎന്‍ ഇന്റര്‍നാഷണല്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബോര്‍ഡ് വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ഒരിക്കല്‍ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍ ഈ ചിപ്പ് പുറത്തുവിടും. മദ്യാസക്തി അമിതമായവരില്‍ ചികിത്സിക്കുന്നതിനു നാല്‍ട്രക്സോണ്‍ ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരം മദ്യപാനിയായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായ 36കാരന്. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു മുൻപ് തന്നെ ഒരു കുപ്പി മദ്യം അയാള്‍ അകത്താക്കുമായിരുന്നു. പിന്നീട് ബാക്കിയുള്ള ദിവസവും ബോധം നഷ്ടമാവും വരെ ഈ മദ്യപാനം തുടരും. മദ്യം അകത്തു ചെല്ലുന്നതോടെ ഇയാള്‍ അക്രമ സ്വഭാവവും പ്രകടിപ്പിച്ചിരുന്നു.
മദ്യം ലഭിച്ചില്ലെങ്കില്‍ ഉല്‍കണ്ഠ വളരെയധികം കൂടുമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് സിയോസിയാങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. മദ്യാസക്തി അവസാനിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് നാല്‍ട്രക്സോണ്‍. മസ്തിഷ്കത്തിലെ മദ്യാസക്തി ഉളവാക്കുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം തടയുകയാണ് ഈ ‘മരുന്ന്’ ചെയ്യുന്നത്.
മദ്യാസക്തിയെ തുടര്‍ന്നുള്ള മരണങ്ങളില്‍ 2018ല്‍ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജ്യമാണ് ചൈന. ചൈനയില്‍ ഏതാണ്ട് 6.50 ലക്ഷം പുരുഷന്മാര്ക്കും 59,000 സ്ത്രീകള്‍ക്കും 2017ല്‍ മദ്യം അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്നുള്ള രോഗങ്ങളാൽ ജീവന് നഷ്ടമായെന്നാണ് ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. 45നും 59നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലാണ് മദ്യാസക്തി കൂടുതലെന്നും കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല