1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2023

സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്നും പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച് ഞായറാഴ്ച നടന്ന പത്താമത് അറബ്-ചൈന ബിസിനസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെയാണ് ഫൈസല്‍ രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 2022ല്‍ 430 ബില്യണ്‍ ഡോളറിലെത്തിയെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാര വിനിമയത്തിന്റെ 25 ശതമാനവും സൗദി അറേബ്യയാണ് കൈകാര്യം ചെയ്യുന്നത്. ഇത് 2022 ല്‍ 106.1 ബില്യണ്‍ ഡോളറിലെത്തി. 2021 നെ അപേക്ഷിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സുപ്രധാന നിക്ഷേപ മേഖലകളിലും അറബ് രാജ്യങ്ങളും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള ദീര്‍ഘകാല, വികസിത പങ്കാളിത്തം ശക്തിപ്പെടുത്തുകയും അതുവഴി മേഖലയില്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ താല്‍പ്പര്യത്തിന് വിദേശകാര്യ മന്ത്രി അടിവരയിട്ടു. ചരിത്രപരമായ അറബ്- ചൈനീസ് സൗഹൃദം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും, ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു പുതിയ യുഗത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു പൊതു ഭാവി കെട്ടിപ്പടുക്കുന്നതിനും ലോകത്തെ സമാധാനവും വികസനവും നിലനിര്‍ത്തുന്നതിനുമുള്ള അവസരമാണ് അറബ്- ചൈന ബിസിനസ് കോണ്‍ഫറന്‍സെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

അറബ് ലോകവും ചൈനയും തമ്മിലുള്ള നിക്ഷേപ-വ്യാപാര ബന്ധങ്ങള്‍ക്ക് അടിവരയിടുന്ന വലിയ പ്രാധാന്യവും സാധ്യതകളും അനുയോജ്യതയും പൊതു കാഴ്ചപ്പാടും സമ്മേളനത്തിന്റെ പ്രമേയം ഉയര്‍ത്തിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെയും ലോകത്തെയും ജനങ്ങള്‍ക്ക് അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കുന്നതിനുള്ള വളര്‍ച്ചയ്ക്കും നിക്ഷേപത്തിനുമുള്ള പുതിയ അവസരങ്ങള്‍ തുറക്കുന്നതിനും അനുഭവങ്ങളുടെ കൈമാറ്റത്തിനും ഇത് വലിയ സംഭാവനകളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റിയാദ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ആദ്യ ചൈന-അറബ് സ്റ്റേറ്റ് ഉച്ചകോടിയിലും ചൈന-ജിസിസി ഉച്ചകോടിയിലും പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ചൈനീസ് പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം റിയാദിലെത്തിയത്.

ഈ സന്ദര്‍ശനത്തിനിടയില്‍ ചൈനയും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ 50 ബില്യണ്‍ ഡോളറിലധികം വരുന്ന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചിരുന്നു. സമൃദ്ധിക്ക് വേണ്ടി സഹകരിക്കുക എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അറബ്- ചൈന ബിസിനസ് കോണ്‍ഫറന്‍സ് റിയാദില്‍ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.