1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2023

സ്വന്തം ലേഖകൻ: കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടവും കൈവരിച്ചു.

ഏപ്രിൽ 12 ന് രാത്രി ഏഴ് മിനിറ്റ് നേരത്തേക്ക് അത്യധികം ചൂടുള്ള പ്ലാസ്മ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എല്ലാ റെക്കോർഡുകളും തകർത്തു എന്നാണ് റിപ്പോർട്ട്. കൃത്രിമ സൂര്യൻ പദ്ധതി ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. മാലിന്യങ്ങൾ സൃഷ്ടിക്കാതെ ചൈനയ്ക്ക് പരിധിയില്ലാത്ത ഊർജ സ്രോതസ്സ് നൽകാൻ ശേഷിയുള്ളതാണ് പുതിയ പദ്ധതി.

നിലവിലുള്ള ന്യൂക്ലിയർ പവർ പ്ലാന്റുകളെ ശക്തിപ്പെടുത്തുന്ന വിഘടനപ്രവർത്തനങ്ങളിലെന്ന പോലെ, ആറ്റോമിക് ന്യൂക്ലിയസുകളെ വേർപെടുത്തുന്നതിനുപകരം അവയെ ഒന്നിച്ചുനിർത്തി ഊർജം പുറത്തുവിടാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂക്ലിയർ ഫ്യൂഷൻ. കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് എന്ന പേരിലുള്ള കൃത്രിമ സൂര്യന് തുടർച്ചയായി 403 സെക്കൻഡ് പ്ലാസ്മ ഉൽപ്പാദിപ്പിക്കാനും നിലനിർത്താനും സാധിച്ചു. 2017 ൽ സ്ഥാപിച്ച 101 സെക്കൻഡിന്റെ സ്വന്തം റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നും സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ചൈനയുടെ ‘കൃത്രിമ സൂര്യൻ’ന്റെ മറ്റൊരു രീതിയിലുള്ള പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റും ജ്വലിച്ചിരുന്നു. യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിലായിരുന്നു 2022 ലെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത്. അണുസംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഇത് സൂര്യനുള്ളിൽ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവർത്തനങ്ങളെ അനുകരിച്ചുകൊണ്ട് ‘പരിധിയില്ലാത്ത ഊർജം’ കൃത്രിമമായി സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും.

യഥാര്‍ഥ സൂര്യനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യനു കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു. ഇത് പത്തിരട്ടിയായി ഉയർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനു കൂടുതല്‍ വേഗം പകരുന്നതാണ് ചൈനയുടെ പുതിയ ‘കൃത്രിമ സൂര്യന്‍’.

യഥാര്‍ഥ സൂര്യനേക്കാള്‍ പത്തിരട്ടി വരെ ഊഷ്മാവ് പുറത്തുവിടാന്‍ ശേഷിയുണ്ട് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചൈനയുടെ സ്വന്തം സൂര്യന്. എച്ച്എല്‍ 2എം ടോകമാക് എന്ന് പേരിട്ടിരിക്കുന്ന ഈ ചൈനീസ് സൂര്യനില്‍ നിന്നും 150 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പുറത്തേക്ക് വരുത്താൻ സാധിക്കുന്നതാണ്.

ചൈനീസ് നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷനാണ് (സിഎന്‍എന്‍സി) ഈ കൃത്രിമ സൂര്യനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഹൈഡ്രജനും ഡ്യൂട്ടീരിയവും ഉപയോഗിച്ച് സൂര്യനില്‍ എങ്ങനെയാണോ ചൂട് ഉണ്ടാവുന്നത് അതിന് സമാനമായ പ്രവര്‍ത്തനമാണ് ഈ ചൈനീസ് സൂര്യനിലും നടക്കുന്നത്. എന്നാല്‍ യഥാർഥ സൂര്യന്റെ ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.