സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖല ഷിന്‍ജിയാങില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു, കുട്ടികള്‍ക്ക് ഇടാറുള്ള 29 മുസ്ലീം പേരുകള്‍ക്ക് നിരോധനം. നിരോധിക്കപ്പെട്ട 29 മുസ്ലീം പേരുകളുള്ള പട്ടിക ചൈനീസ് അധികൃതര്‍ പുറത്തിറക്കുകയും ചെയ്തു. ഈ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഇടാറുള്ള പേരുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടാനാണ് വിലക്കെന്നാണ് അധികൃതരുടെ ന്യായം. ഇസ്‌ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദുമായി ബന്ധമുള്ള മറ്റു പേരുകള്‍ എന്നിവയാണ് പട്ടികയുള്ളത്. ഇതേസമയം, മറ്റു നിഷ്പക്ഷമായ മുസ്‌ലിം പേരുകള്‍ക്ക് നിരോധമില്ലെന്നും അധികൃതര്‍ പറയുന്നു.
നിരോധിക്കപ്പെട്ട പേരുകള്‍ കുട്ടികള്‍ക്ക് ഇട്ടാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ അവര്‍ക്ക് ഇടം നേടാനാകില്ലെന്ന കാര്യം ഉത്തരവില്‍ മാതാപിതാക്കളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പേരുകളിട്ടാല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം തുടങ്ങിയ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. മുന്‍പ് ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനും പുരുഷന്മാര്‍ താടിയും മീശയും നീട്ടി വളര്‍ത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല