സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, 56 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 പേര് മരിച്ചു, 100 ഓളം പേര്‍ക്ക് പരുക്ക്. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് ഡസന്‍ കണക്കിന് ലോറികള്‍ ഉള്‍പ്പെടെ കൂട്ടിയിടിയില്‍ കുടുങ്ങിയത്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ യുസിയാന്‍ കൗണ്ടിയിലെ തിരക്കേറിയ മോട്ടോര്‍വേയിലാണ് സംഭവം. ബീജിംഗിനും കുന്‍മിംഗിനും ഇടയിലെ പ്രധാനപാതകളില്‍ ഒന്നിലായിരുന്നു അപകടം. ഇരുവശവും കൃഷിഭൂമിയും നദിയും വരുന്ന പ്രദേശത്തെ പാലത്തിലായിരുന്നു കൂട്ടയിടി.
ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിന്റെ കൈവരിക്കടുത്ത് മറിഞ്ഞ നിലയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കനത്ത മഞ്ഞാണ് അപകടകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകളും മറ്റും ട്രക്കുകളുടെ മുകളില്‍ ഇടിച്ചുകയറിയ നിലയിലാണ്. ട്രക്കുകളിലും മറ്റും കയറ്റിയിരുന്ന ചരക്കുകളും തകര്‍ന്നു തരിപ്പണമായി. അതിവേഗത്തില്‍ വന്ന കാറുകളില്‍ ഒന്ന് ഇടിച്ച് തകിടം മറിഞ്ഞായിരുന്നു ഒരാളുടെ മരണം.
ഉത്തര ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള ബീജിംഗ്കുമിംഗ് എക്സ്പ്രസ് പാതയില്‍ ഈ മഞ്ഞുകാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ അപകടമാണിതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി സിന്‍ഹുവ പറയുന്നു. മഴയും മഞ്ഞും മൂലം റോഡില്‍ നിന്ന് തെന്നിനീങ്ങിയാണ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്. പല ലോറികളും തലകീഴായി മറിഞ്ഞ് റോഡില്‍ നിരന്നു കിടക്കുന്ന സ്ഥിതിയിലാണ്. നിരവധി കാറുകളും അപകടത്തില്‍പെട്ടു.
റോഡപകടങ്ങള്‍ സാധാരണമായ ചൈനയില്‍ 2013 ല്‍ മാത്രം 260,000 പേര് വാഹനാപകടങ്ങളില്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 58,539 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല