സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്ത സംഭവം, ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍. അന്തര്‍വാഹിനി തിരിച്ചുനല്‍കണമെന്നു യുഎസ് ചൈനയോട് കര്‍ശനമായി ആവശ്യപ്പെട്ടു. അന്തര്‍വാഹിനി അമേരിക്കയുടേതാണെന്നു സമ്മതിച്ചതോടെ പ്രശ്‌നം വിജയകരമായി പരിഹരിച്ചെന്നു ചൈനീസ് സൈന്യം പ്രതികരിച്ചു.
ദക്ഷിണ ചൈനാക്കടല്‍ മേഖലയില്‍ ഫിലിപ്പൈന്‍സിനോടു ചേര്‍ന്ന സുബിക് ഉള്‍ക്കടലില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണു ചൈനീസ് നാവികസേന ആളില്ലാ അന്തര്‍വാഹിനി പിടികൂടിയത്. നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച അമേരിക്ക, ആളില്ലാ അന്തര്‍വാഹിനി തിരിച്ചുനല്‍കണമെന്നു ചൈനയോട് ആവശ്യപ്പെട്ടു.
സമുദ്ര സര്‍വേ കപ്പലായ യു.എസ്.എന്‍.എസ്. ബൗഡിച്ചില്‍നിന്നുള്ള അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിളാണ് (യു.യു.വി) ചൈനീസ് നാവികസേന പട്രോളിങ്ങിനിടെ പിടിച്ചെടുത്തത്. ആളില്ല അന്തര്‍വാഹിനിയുടെ ഉടമസ്ഥത സംബന്ധിച്ച് അമേരിക്ക അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നു ചൈനീസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതോടെ പ്രശ്‌നം പരിഹരിച്ചെന്നാണു വിശ്വസിക്കുന്നതെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും ആളില്ലാ അന്തര്‍വാഹിനി അടിയന്തരമായി തിരിച്ചുനല്‍കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ലവണത്വം, ജലത്തിലെ താപനില, ശബ്ദത്തിന്റെ വേഗം എന്നിവയെക്കുറിച്ചുള്ള വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സമുദ്രാന്തര്‍വാഹനമാണിതെന്നും ലോകത്തെല്ലായിടത്തും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും പെന്റഗണ്‍ വക്താവ് അവകാശപ്പെട്ടു.
ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും ഇവിടെ പ്രതിരോധവാണിജ്യ താത്പര്യങ്ങളുള്ള അമേരിക്കയുമായുള്ള സംധര്‍ഷത്തിന് ഇത് കാരണമായേക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈനീസ് നാവിക സേന പിടിച്ചെടുത്തത് സമീപകാല ചരിത്രത്തിലെ ആദ്യ സംഭവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല