സ്വന്തം ലേഖകൻ: ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാദ്ധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ അഭിഭാഷക കൂടിയായ ഷാംഗ് ഷാൻ എന്ന 38 കാരിയാണ് ഷിജിൻ പിംഗ് സർക്കാരിനെതിരെ ജയിലഴിയ്‌ക്കുള്ളിൽ ശക്തമായ നിരാഹാര സമരം തുടരുന്നത്.
ദിവസങ്ങൾ നീണ്ട സമരത്തിന്റെ ഫലമായി ഷാന്റെ ഭാരം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്നാണ് സഹോദരൻ ഷാംഗ് ജു പറയുന്നത്. അവശയായതിനാൽ മൂക്കിലൂടെ ട്യൂബ് വഴിയാണ് ജീവൻ നിലനിർത്തുന്നതിനുള്ള ആഹാരം നൽകുന്നത്. നിലവിലെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്. ഈ തണുപ്പുകാലം അതിജീവിക്കാൻ ഷാന് കഴിയില്ലെന്നും സഹോദരൻ വ്യക്തമാക്കുന്നു.
ആരോഗ്യനില മോശമായ മാദ്ധ്യമപ്രവർത്തകയ്‌ക്ക് എത്രയും വേഗം വൈദ്യസഹായം നൽകണമെന്നും സഹോദരൻ ആവശ്യപ്പെടുന്നു. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് കഴിഞ്ഞ വർഷം മെയിലാണ് ഷാനെ ചൈനീസ് സർക്കാർ തടവിലാക്കിയത്. കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരിയിലാണ് മാദ്ധ്യമ പ്രവർത്തക വുഹാനിൽ എത്തിയത്.
സത്യസന്ധമായ വാർത്തകൾ പുറത്തുവിട്ടതിന് പുറമേ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചകളെയും ഷാൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് ചൈനീസ് സർക്കാരിനെ ചൊടിപ്പിച്ചത്. ജയിലിൽ അടച്ച ശേഷം ഷാനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നുതന്നെ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല.
അന്യായമായി തടങ്കലിൽ പാർപ്പിച്ച മാദ്ധ്യമ പ്രവർത്തകയെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റൻനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതിരുന്ന ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല