സ്വന്തം ലേഖകന്‍: ഒടുവില്‍ പാര്‍ലമെന്റും സമ്മതിച്ചു; ഷീ ജിന്‍പിങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്. പ്രസിഡന്റിനെ കാലാവധി നിശ്ചയിക്കുന്ന നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് നിയമ ഭേദഗതി. ഒരു വ്യക്തിക്ക് രണ്ട് തവണ മാത്രം അവസരം നല്‍കുന്ന നിയമമാണ് ചൈന ഭേദഗതി ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. 2958 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷീ ജിന്‍പിങ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല ഷീയുടെ തത്വങ്ങള്‍ പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സ്ഥാപകന്‍ മാവോ സെതൂങ്ങിന്റെ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു.
ഒരേസമയം പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്, എന്നീ മൂന്നു പദവികളും ഷീ ജിന്‍പിങ് വഹിക്കുന്നുണ്ട്. ചൈനയില്‍ മാവോ സെതൂങ്ങിന് തുല്യമായ പ്രാധാന്യമാണ് ഷീയ്ക്ക് ലഭിച്ചിരുന്നത്. മാവോയ്ക്ക് നല്‍കിയിരുന്ന പാര്‍ട്ടിയുടെ മുഖ്യ നേതാവ് എന്ന പദവി നേരത്തെ ഷീയ്ക്ക് ലഭിച്ചിരുന്നു.
1990 മുതലാണ് ചൈനയില്‍ പ്രസിഡന്റിന് രണ്ട് വര്‍ഷം കാലാവധി കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കയക്കുന്നത്. ഭരണഘടനാ ഭേദഗതിയ്ക്ക് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല