സ്വന്തം ലേഖകൻ: ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഒരു മാസക്കാലമായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത ക്വിന്‍ ഗാംങ്ങിന്റെ തിരോധാനം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.
ക്വിന്നിന്റെ തന്നെ മുന്‍ഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്വിന്നിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്വിന്നിനെ നീക്കുന്നതുമായി ബന്ധപ്പെട്ട ഉത്തവില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ഒപ്പുവെച്ചതായും സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ക്വിന്നിനെ കാണാത്തതെന്ന് ഒടുവില്‍ ഭരണകൂടം വിശദീകരണം നല്‍കി. എന്നാല്‍ ഇത് സ്ഥീരികരിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീനിക്‌സ് ടിവിയിലെ അവതാരകയുമായി ക്വിന്നിന് അവിഹിതബന്ധമുണ്ടെന്നും അവരില്‍ ഒരു കുഞ്ഞുണ്ടെന്നും മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല.
ജൂണ്‍ 25ന് റഷ്യയുടെ സഹവിദേശകാര്യമന്ത്രി ആന്ദ്രെ റുദെന്‍കോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീര്‍ത്തും അപ്രത്യക്ഷനായ ക്വിന്നിനെ സംബന്ധിച്ച് വീണ്ടും നിരവധി അഭ്യൂഹങ്ങള്‍ പരന്നു. വിഷയത്തില്‍ ഭരണകൂടം ആഴ്ചകളോളം മൗനം പാലിക്കുകയും ചെയ്തു.
സ്ഥാനഭ്രഷ്ടനാക്കപ്പെടുകയോ ഔദ്യോഗിക അന്വേഷണം നേരിടുകയോ ചെയ്യുന്നതിനാലാവാം ക്വിന്നിന്റെ അസാന്നിധ്യത്തിന് കാരണമെന്നാണ് ജനങ്ങള്‍ കരുതിയത്. ക്വിന്‍ നിര്‍വഹിച്ചിരുന്ന ഔദ്യോഗികചുമതലകള്‍ പതിയെ വാങ് ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് വാങ് യില്‍ നിന്ന് ക്വിന്‍ വിദേശകാര്യചുമതല ഏറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല