![](https://www.nrimalayalee.com/wp-content/uploads/2021/09/China-Hypersonic-Weapon.jpg)
സ്വന്തം ലേഖകൻ: 3000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളേയും ഊര്‍ജ വിതരണ സംവിധാനങ്ങളേയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സര്‍വനാശം വരുത്താന്‍ ശേഷിയുള്ള ആയുധമാണ് ചൈനീസ് ഗവേഷകര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി മുതല്‍ സുപ്രധാനമായ പല നഗരങ്ങളും ഈ പരിധിയില്‍ പെടും.
ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്നോളജിയിലെ ഗവേഷകരാണ് ഈ ഹൈപര്‍സോണിക് ആയുധം അവതരിപ്പിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ഭൂമിയുടെ അന്തരീക്ഷത്തിനുള്ളില്‍ തന്നെ സഞ്ചരിക്കുന്ന ഇവയെ ശത്രു റഡാറുകളെ കബളിപ്പിക്കാന്‍ പോന്നവയാണ്. ഒരു ജീവനാശം പോലും ഇല്ലാതെ ലക്ഷ്യസ്ഥാനത്തെ വാര്‍ത്താ വിനിമയ സംവിധാനം പൂര്‍ണമായും തകര്‍ത്തുകൊണ്ട് എതിരാളികളെ നിരായുധരാക്കുമെന്നതാണ് ഈ തന്ത്രപ്രധാന ആയുധത്തിന്റെ പ്രധാന സവിശേഷത.
അതിശക്തമായ വൈദ്യുത കാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരൊറ്റ ആക്രമണത്തില്‍ നശിക്കുമെന്നാണ് ഗവേഷകനായ സണ്‍ ഷെങും കൂട്ടാളികളും അവകാശപ്പെടുന്നത്. ചൈനീസ് ജേണലില്‍ തന്ത്രപ്രധാന മിസൈല്‍ സാങ്കേതികവിദ്യ എന്ന തലക്കെട്ടിലാണ് ഇവര്‍ തങ്ങളുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൈപ്പര്‍സോണിക് ഇലക്ട്രോമാഗ്നെറ്റിക് പള്‍സ് ആയുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് ശത്രുക്കള്‍ക്ക് ഒരു നേരിയ മുന്നറിയിപ്പ് പോലും ലഭിക്കില്ലെന്നാണ് ചൈനീസ് റോക്കറ്റ് ഗവേഷകരുടെ അവകാശവാദം. ഏതു രാജ്യത്തേയും രക്തം ചിന്താതെ നിരായുധരാക്കാനും നിസഹായരാക്കാനും ചൈനയെ സഹായിക്കുന്ന ഈ ആയുധം ഭാവിയുടെ ആയുധമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല