സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളില്‍ നവംബര്‍ 1 മുതല്‍ കുട്ടികള്‍ക്കിടയിലെ മതപഠനത്തിന് നിയന്ത്രണം. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗില്‍ നവംബര്‍ 1 മുതല്‍ പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഇതുപ്രകാരം മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രവിശ്യകളില്‍ രക്ഷിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ നിര്‍ബന്ധിക്കാനോ പാടില്ല. കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവയ്ക്കും നിരോധനമുണ്ട്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ സിന്‍ജിയാംഗില്‍ മുസ്‌ലിം പുരുഷന്‍മാര്‍ക്ക് താടി വയ്ക്കുന്നതിനും ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും നിരോധനമുണ്ട്. ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ സംഘത്തിനും ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അവകാശമുണ്ട് എന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.
‘ഹാനികരമായ തീവ്രവാദപരമോ ഭീകരവാദപരമോ ആയ വഴികളില്‍’ നിന്ന് തങ്ങളുടെ കുട്ടികളെ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിലവില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയില്ല. ഈ കുട്ടികളെ പിന്നീട് ‘ശുദ്ധീകരണത്തിനായി’ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി അപേക്ഷ നല്‍കാം. തങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല